ദുബായ് : ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ പോരാട്ടം എന്നറിയപ്പെടുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബോളിങ് തെരഞ്ഞെടുത്തു. ഇഷാൻ കിഷൻ, അശ്വിൻ, രാഹുൽ ചഹാർ എന്നിവരെ പുറത്തിരുത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയും, മിസ്റ്ററി സ്‌പിന്നർ എന്നറിയപ്പെടുന്ന വരുണ്‍ ചക്രവര്‍ത്തിയും ടീമിൽ ഇടം നേടി.
ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഓരോ ക്രിക്കറ്റ് മത്സരവും യുദ്ധ സമാനമാണ്. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയെ ഇതുവരെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന നാണക്കേട് ഒഴിവാക്കാനായി പാകിസ്ഥാൻ എത്തുമ്പോൾ, ചരിത്രം മാറ്റിയെഴുതാൻ അനുവധിക്കില്ല എന്ന ഉറപ്പോടെയാണ് ഇന്ത്യയും എത്തുന്നത്.
ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി-20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.ഏകദിന ലോകകപ്പിൽ ചരിത്രത്തില്‍ ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ ആറ് തവണയും ആദ്യം ബാറ്റുചെയ്തത് ഇന്ത്യയായിരുന്നു.
ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയതും പാകിസ്ഥാനെതിരെയാണ്. ക്രിക്കറ്റ് പിച്ചില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമുകളും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.