ബാസ്റ്റെയർ:ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി ക്യാപ്‌റ്റൻ രോഹിത് ശർമ്മയുടെ പരിക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സൂര്യകുമാർ യാദവിനൊപ്പം ഓപ്പണറായി ഇറങ്ങിയിരുന്ന രോഹിത് ശക്‌തമായ പുറംവേദന അലട്ടിയതിനെ തുടർന്ന് റിട്ടയേർഡ് ഹർട്ട് ചെയ്‌തിരുന്നു.
രോഹിത് ശർമ്മയ്‌ക്ക് പരിക്ക്; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക - ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിടെയാണ് ഇന്ത്യൻ നായകന് പേശി വലിവ് അനുഭവപ്പെട്ടത്.
അൽസാരി ജോസഫിന്‍റെ ആദ്യ ഓവറിൽ ഒരു സിക്‌സും ഫോറുമടക്കം 5 പന്തില്‍ 11 റണ്‍സെടുത്ത് നിൽക്കെയായിരുന്നു പേശി വലിവ് അനുഭവപ്പെട്ടത്. തുടർന്ന് ടീം ഫിസിയോ രോഹിതിനെ പരിചരിക്കാൻ കളത്തിലെത്തി. തുടർന്ന് നടന്ന കൂടിയാലോചനകൾക്ക് ശേഷം മുൻകരുതൽ നടപടിയായി താരം കളം വിടുകയായിരുന്നു.
പേശി വലിവ് മാത്രമാണോയെന്നും ആഗസ്റ്റ് 6, 7 തീയതികളിൽ ഫ്ലോറിഡയിൽ നടക്കുന്ന പരമ്പരയിലെ അവസാന മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകുമോയെന്നും വ്യക്‌തമായിട്ടില്ല. താൻ സുഖമായിരിക്കുന്നുവെന്നും നാല് ദിവസത്തെ വിശ്രമത്തിന് ശേഷം ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് മത്സര ശേഷം പറഞ്ഞു. രോഹിത്തിന്റെ പരിക്കിന്‍റെ ഗൗരവം വിലയിരുത്തി വരികയാണെന്ന് ബിസിസിഐ ട്വീറ്റ് ചെയ്‌തു.