ന്യൂഡല്‍ഹി : ഏഷ്യ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന സാഹചര്യം വിലയിരുത്തുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്‍റ് ജയ് ഷാ. ഐപിഎല്ലിന്‍റെ അവസാന ദിവസമായിരിക്കും ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടാവുകയെന്ന് ബിസിസിഐ സെക്രട്ടറികൂടിയായ ജയ് ഷാ പറഞ്ഞു. സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളില്‍ വലയുന്ന ശ്രീലങ്കയില്‍ ഏഷ്യ കപ്പിന്‍റെ വിജയകരമായ നടത്തിപ്പിനെച്ചൊല്ലി വിവിധ കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഷായുടെ പ്രതികരണം. 'രാജ്യത്തെ സാഹചര്യത്തെക്കുറിച്ചും ക്രിക്കറ്റിൽ അതിന്‍റെ ആഘാതത്തെക്കുറിച്ചും ഞാൻ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതരുമായി വിശദമായ ചർച്ച നടത്തി. സുരക്ഷിതവും വിജയകരവുമായ രീതിയില്‍ ഏഷ്യ കപ്പ് നടത്താനാവുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭാരവാഹികൾ മെയ് 29ന് നടക്കുന്ന ഐപിഎല്‍ ഫൈനലിനെത്തും. ഞങ്ങൾ സ്ഥിതിഗതികള്‍ കൂടുതൽ വിലയിരുത്തും' - ജയ് ഷാ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗമാണ് ഇത്തവണത്തെ ഏഷ്യ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് അറിയിച്ചിരുന്നത്.
ടി20 ഫോര്‍മാറ്റില്‍ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 70 വർഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്ട്രം നേരിടുന്നത്. നിലവില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ലങ്ക.