ജോഹനാസ്ബെർഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നാളെ (ഡിസംബര്‍ 17) ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ കളിക്കാനിറങ്ങുക പുതിയ പരിശീലക സംഘത്തിന് കീഴില്‍. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേതൃത്വം നല്‍കുന്ന സംഘത്തിന്‍റെ അഭാവത്തില്‍ സിതാന്‍ഷു കൊടക് (Sitanshu Kotak will be the Head Coach of Team India for ODIs against South Africa) ആണ് പരമ്പരയില്‍ ടീം ഇന്ത്യയെ ഒരുക്കുന്നത്. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ അംഗമാണ് സിതാന്‍ഷു.
സാധാരാണയായി ദ്രാവിഡ് വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളില്‍ എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്‌മണും സംഘവുമാണ് ടീമിനെ പരിശീലിപ്പിക്കുക. വിവിഎസ് ലക്ഷ്‌മണ്‍ മുഖ്യപരിശീലകനായി ടീമിലേക്ക് എത്തിയ സാഹചര്യങ്ങളില്‍ ബാറ്റിങ് പരിശീലകനായിട്ടായിരുന്നു സിതാന്‍ഷു കൊടക് സ്ഥാനം പിടിച്ചിരുന്നത്. സിതാന്‍ഷുവിനെ സഹായിക്കാന്‍ എന്‍സിഎ സ്റ്റാഫുകളായ അജയ് രാത്ര (ബാറ്റിങ് കോച്ച്), റജിബ് ദത്ത (ബൗളിങ് കോച്ച്) എന്നിവരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് മത്സരങ്ങളാണ് കെഎല്‍ രാഹുല്‍ നായകനായ ഇന്ത്യന്‍ ഏകദിന ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഡിസംബര്‍ 17, 19, 21 തീയതികളിലായാണ് മത്സരം (South Africa vs India ODI Series). ടി20 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇരു ടീമുകളും ഏകദിന പരമ്പരയ്‌ക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നത്.