ദുബായ്:ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരങ്ങളായി സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയും ഓസീസ് ഓള്‍ റൗണ്ടര്‍ തഹ്‌ലിയ മക്ഗ്രാത്തും. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സാന്‍റ്‌നര്‍, ഇംഗ്ലണ്ടിന്‍റെ ബെന്‍സ്റ്റോക്‌സ് എന്നിവരെ പിന്തള്ളിയാണ് സിക്കന്ദര്‍ റാസ ഓഗസ്റ്റിലെ മികച്ച പുരുഷ താരമായത്.
ഐസിസി പ്ലയര്‍ ഓഫ് ദി മന്ത് പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ സിംബാബ്‌വെ താരമാണ് സിക്കന്ദര്‍ റാസ. ഇന്ത്യ, ബംഗ്ലാദേഷ് എന്നീ ടീമുകള്‍ക്കെതിരായ പ്രകടനമാണ് താരത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഏകദിന പരമ്പരകളില്‍ ഇന്ത്യയ്‌ക്കെതിരായ ഒന്നും ബംഗ്ലാദേശിനെതിരെ രണ്ടും സെഞ്ചുറികള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ സിംബാബ്‌വെക്കാരന്‍ ആവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് റാസ പ്രതികരിച്ചു. സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയുമില്ലെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ലെന്നും 36കാരനായ താരം കൂട്ടിച്ചേര്‍ത്തു.
സഹതാരം ബെത്ത് മൂണി, ഇന്ത്യയുടെ ജെമിമ റോഡ്രിഗസ് എന്നിവരെ പിന്തള്ളിയാണ് തഹ്‌ലിയ മക്ഗ്രാത്ത് ഓഗസ്റ്റിലെ മികച്ച വനിത താരമായത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ തകര്‍പ്പന്‍ പ്രകടനമാണ് 26കാരിയായ തഹ്‌ലിയയ്‌ക്ക് തുണയായത്.
അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയ തഹ്‌ലിയ ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായിരുന്നു. ബാറ്റ് ഉപയോഗിച്ചും തഹ്‌ലിയ ഓസീസിന് നിര്‍ണായക സംഭാവനകൾ നൽകി.