മുംബൈ :ഐസിസി ഏകദിന റാങ്കിങ്ങില്‍ (ICC ODI Rankings) ലോക ഒന്നാം നമ്പര്‍ ബാറ്ററായി സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിന് (ODI World Cup 2023) ഇറങ്ങാമെന്ന ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) മോഹം നടക്കില്ല. ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ മൂന്നാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചതാണ് ഏകദിന റാങ്കിങ്ങില്‍ തലപ്പത്ത് എത്താനുള്ള ഗില്ലിന്‍റെ അവസരം ഇല്ലാതാക്കിയത്. ഇതോടെ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam) ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം നമ്പറായി തുടരും.
ബാബറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഗില്ലുള്ളത്. കഴിഞ്ഞ ഏഷ്യ കപ്പിലെ (Asia Cup 2023) പ്രകടനത്തോടെ ബാബറുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം ഗണ്യമായി കുറയ്‌ക്കാന്‍ ഗില്ലിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബാബറിന് 857-ഉം പിന്നിലുള്ള ഗില്ലിന് 814-ഉം ആയിരുന്നു റേറ്റിങ് പോയിന്‍റ്. ഇതിനുശേഷം ഓസീസിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും 24-കാരനായ ഗില്‍ മിന്നിയിരുന്നു (Shubman Gill vs Babar Azam).
മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 63 പന്തില്‍ 74 റണ്‍സടിച്ച താരം, ഇന്‍ഡോറിലെ രണ്ടാം മത്സരത്തില്‍ 97 പന്തില്‍ 104 റണ്‍സായിരുന്നു നേടിയിരുന്നത്. ഏഷ്യ കപ്പിന് ശേഷം ബാബര്‍ അസം കളത്തിലിറങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഏഷ്യ കപ്പിലാവട്ടെ നേപ്പാളിനെതിരായ സെഞ്ചുറി ഒഴിച്ചാല്‍ കാര്യമായ പ്രകടനം നടത്താന്‍ പാക് നായകന് കഴിഞ്ഞിരുന്നില്ല.
ഇതോടെ ഓസീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ കൂടി മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സാഹചര്യമായിരുന്നു ഗില്ലിന് മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജോലിഭാരം കുറയ്‌ക്കുന്നതിനായി താരത്തിന് വിശ്രമം അനുവദിക്കാന്‍ മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു.