ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഓപ്പണിങ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനേറ്റ പരിക്കാണ് ടീമിന് തിരിച്ചടിയായത്. ഗില്ലിന്‍റെ കണങ്കാലിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരതരമായതിനാല്‍ എട്ട് ആഴ്ചയോളം താരത്തിന് വിശ്രമം വേണ്ടിവന്നേയ്ക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
രാഹുലോ മായങ്കോ?
ന്യൂസിലൻഡിനെതിരായ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് ശേഷമാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് നാലിന് തുടങ്ങുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഗില്ലിന് നഷ്ടമായേക്കും. ഗില്ലിന് പകരം മായങ്ക് അഗർവാളോ കെ.എൽ രാഹുലോ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ഇടം പിടിക്കും.
also read:24 മണിക്കൂറും മെസിയും; പ്രതീക്ഷയോടെ ബാഴ്‌സ
ഗില്ലിന്‍റേത് മോശം പ്രകടനം
രോഹിത്തിനൊപ്പം ഓപ്പണറായി മികച്ച പ്രകടനം നടത്തിയിരുന്ന മായങ്കിന് ഗില്ലിന്‍റെ വരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. അതേസമയം ഡബ്ല്യുടിസി ഫൈനലില്‍ ഗില്ലിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. മത്സരത്തിന്‍റെ ആദ്യ രണ്ട് ഇന്നിങ്സുകളിലായി 28, 8 എന്നിങ്ങിനെയായിരുന്നു താരത്തിന് കണ്ടെത്താനായത്.
പരിശീലന മത്സരം വേണമെന്ന് ബിസിസിഐ
അതേസമയം പരമ്പരയുടെ ഭാഗമായുള്ള ഇന്ത്യയുടെ പരിശീലന ക്യാമ്പ് അടുത്ത മാസം 14 മുതലാണ് ഡർഹാമിൽ തുടങ്ങുക. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പര നോട്ടിങ്ഹാമിലാണ് തുടങ്ങുക. പരമ്പരയ്ക്ക് മുന്നോടിയായി കൗണ്ടി ടീമുകളുമായി പരിശീലന മത്സരം വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.