മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 16-ാം സീസണില്‍ (ഐപിഎല്‍) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ നിന്നും ആറ് വിജയം മാത്രമായിരുന്നു നിതീഷ് റാണയ്‌ക്ക് കീഴില്‍ ഇറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ ടീമിന്‍റെ മധ്യനിര ബാറ്റര്‍ റിങ്കു സിങ്ങിനെ സംബന്ധിച്ച് മികച്ച സീസണായിരുന്നുവിത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയെ അവിശ്വസനീയമായ രീതിയിൽ വിജയത്തിലേക്ക് നയിച്ച 25-കാരനായ റിങ്കുവിന്‍റെ പ്രകടനം ഏറെ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്ക് വിജയിക്കാന്‍ അവസാന അഞ്ച് പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കെ അഞ്ച് പന്തും സിക്‌സറിന് പറത്തിയായിരുന്നു താരം കൊല്‍ക്കത്തയ്‌ക്ക് നാടകീയ വിജയം സമ്മാനിച്ചത്.
ഗുജറാത്ത് പേസര്‍ യാഷ് ദയാലിനെതിരെയായിരുന്നു റിങ്കുവിന്‍റെ കടന്നാക്രമണമുണ്ടായത്. തുടര്‍ന്നും കൊല്‍ക്കത്തയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി പ്രകടനം നടത്തിയ താരം സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒൻപതാം സ്ഥാനത്ത് എത്തിയിരുന്നു. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 474 റണ്‍സായിരുന്നു മധ്യനിര താരമായ റിങ്കു അടിച്ച് കൂട്ടിയത്. ഈ മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ടീമിലേക്ക് താരത്തിന് വിളിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഐപിഎല്ലിന്‍റെ തിരക്കുകള്‍ക്ക് ശേഷം മാലിദ്വീപിലാണ് റിങ്കു തന്‍റെ അവധിക്കാലം ആഘോഷമാക്കിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ ആരാധകര്‍ക്കായി റിങ്കു സിങ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വൈറലായിരുന്നു. കടല്‍ തീരത്ത് സിക്‌സ് പാക്ക് കാട്ടിയുള്ള ചിത്രങ്ങളായിരുന്നു റിങ്കു പങ്കുവച്ചത്.