ഹൈദരാബാദ് :ഇന്ത്യ ന്യൂസിലാന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ശുഭ്‌മാന്‍ ഗില്‍ എന്ന 23 കാരന്‍റെ ബാറ്റിങ് വിരുന്നിനാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഗില്‍ നേടിയത് 149 പന്തില്‍ 208 റണ്‍സ്. ഇരട്ട സെഞ്ച്വറി നേട്ടത്തോടെ നിരവധി റെക്കോഡുകളും മത്സരത്തില്‍ താരം സ്വന്തമാക്കി.
ഗില്ലിന്‍റെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ താരത്തിന്‍റെ ബാറ്റിങ് പ്രകടനത്തെ വാഴ്‌ത്തിപ്പാടി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെ പലരും രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്, വിരേന്ദര്‍ സേവാഗ്, വസീം ജാഫര്‍, ആകാശ് ചോപ്ര, രവി ശാസ്‌ത്രി എന്നിവര്‍ക്ക് പുറമെ നിലവിലെ ടീം അംഗങ്ങളും താരത്തിന് അഭിനന്ദനം അറിയിച്ചു. കൂടാതെ നിരവധി വിദേശ താരങ്ങളും ഗില്ലിന്‍റെ 208 റണ്‍സ് ഇന്നിങ്സിനെ പ്രശംസിച്ചു.
ഈ പ്രായത്തില്‍ ഗില്‍ നേടിയ ഇരട്ട സെഞ്ച്വറി അവിശ്വസനീയം എന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് കുറിച്ചത്. ഗില്‍ ലോകത്തെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമാണ് മുന്‍ പാക് താരം കമ്രാന്‍ അക്‌മല്‍ സമ്മാനിച്ചത്. ഗംഭീരവും, രാജകീയവുമായ ഇന്നിങ്‌സ് എന്നായിരുന്നു ഗില്ലിന്‍റെ ബാറ്റിങ് വെടിക്കെട്ടിനെ കുറിച്ച് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ രവിശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ന്യൂസിലാന്‍ഡിനെതിരായ പ്രകടനത്തിന് പിന്നാലെ ഇഷാന്‍ കിഷനെ മറികടന്ന് ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഗില്‍ മാറി. കൂടാതെ ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗം 1,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ മറികടന്നാണ് ഗില്‍ ഈ റെക്കോഡ് സ്ഥാപിച്ചത്.