ഹൈദരാബാദ്: ഉപ്പല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തപ്പോൾ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ രണ്ട് താരങ്ങൾ നിലവില്‍ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ഒന്ന് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ (മൂന്ന്) ഇരട്ട സെഞ്ചുറി നേടിയ താരവും ഇന്ത്യൻ നായകനുമായ രോഹിത് ശർമ, രണ്ട് ഇഷാൻ കിഷൻ. ഇന്ന് ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ രോഹിത് ശർമയ്ക്കൊപ്പം ശുഭ്‌മാൻ ഗില്‍ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനെത്തുമ്പോൾ ഇന്ത്യ പ്രതീക്ഷിച്ചത് മികച്ച സ്കോർ. പക്ഷേ ഗില്‍ ഒഴികെ മറ്റെല്ലാരും വമ്പൻ സ്കോറുകളിലേക്ക് കുതിക്കാതെ വേഗം കൂടാരം കയറിയപ്പോൾ ഇന്ത്യൻ ഇന്നിംഗ്‌സിനെ ഒറ്റയ്ക്ക് നയിച്ചത് ശുഭ്‌മാൻ ഗില്ലായിരുന്നു.
48-ാം ഓവർ: ഇന്ത്യയ്ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലൻഡിന് വേണ്ടി 48-ാം ഓവർ എറിയാനെത്തിയത് അതിവേഗ ബൗളർ ലോക്കി ഫെർഗൂസൻ. ബാറ്ററുടെ റോളില്‍ സെഞ്ചുറി നേടി മികച്ച ഫോമില്‍ നില്‍ക്കുന്ന ശുഭ്‌മാൻ ഗില്‍. ആദ്യ പന്ത് 140 കിലോമീറ്റർ വേഗതയിലെത്തിയെങ്കിലും ഗില്ലിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞപ്പോൾ അത് അതിർത്തി കടന്ന് സിക്‌സ്. രണ്ടാം പന്തും സിക്‌സ്. മൂന്നാം പന്തും സിക്‌സ് നേടിയ ഗില്‍ ബാറ്റുയർത്തി ആഘോഷം തുടങ്ങുമ്പോൾ അത് ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററുടെ ഏകദിന ഇരട്ട സെഞ്ച്വറിയായിരുന്നു. 23 വയസുള്ള ഗില്‍ ഇക്കാര്യത്തില്‍ പിന്നിലാക്കിയത് ഇന്ത്യൻ താരം ഇഷാൻ കിഷനെയാണ്. 149 പന്തില്‍ 19 ഫോറും ഒൻപത് സിക്‌സും അടക്കം 208 റൺസ് നേടി ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് ഗില്‍ പുറത്താകുന്നത്.