ചെന്നൈ:ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ അടുത്ത രണ്ട് മത്സരങ്ങളും നഷ്‌ടമായേക്കും. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്‍പായി ഡെങ്കിപ്പനി സ്ഥിരീകരിച്ച ഗില്‍ നിലവില്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ക്രിക്ബസ് (Cricbuzz) റിപ്പോര്‍ട്ട്. അടുത്ത മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ നേരിടുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തോടൊപ്പം ഗില്‍ യാത്ര തിരിച്ചിട്ടില്ലെന്നും നേരത്തെ വിവരം പുറത്തുവന്നിരുന്നു (Medical Update Of Shubman Gill).
ഡെങ്കിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തിന്‍റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഏകദിന ലോകകപ്പില്‍ നാളെയാണ് (ഒക്‌ടോബര്‍ 11) ടീം ഇന്ത്യ അഫ്‌ഗാനിസ്ഥാനെ നേരിടുന്നത്. ഈ മത്സരം ഗില്ലിന് നഷ്‌ടമാകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയില്‍ എത്തിയത് മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഗില്ലിന് മത്സരത്തിന് മുന്‍പാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ, ഓസീസിനെതിരെ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയ്‌ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഒക്‌ടോബര്‍ 9നാണ് ടീം ഇന്ത്യ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച സംഘത്തിനൊപ്പം ഗില്‍ ഇല്ലെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല.