കേരളം

kerala

ETV Bharat / sports

'ഐപിഎല്ലില്‍ നിന്നും ടെസ്റ്റിലേക്ക്, ഇതൊരല്‍പ്പം രസകരമായ വെല്ലുവിളി'; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ശുഭ്‌മാന്‍ ഗില്‍ - ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയത്

shubman gill  shubman gill about wtc final  wtc final  wtc final 2023  Icc test championship  India vs Australia  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ശുഭ്‌മാന്‍ ഗില്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ബിസിസിഐ
Shubman Gill

By

Published : Jun 6, 2023, 8:18 AM IST

ലണ്ടന്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ ഇറങ്ങുമ്പോള്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റില്‍ ആരാധകര്‍ പുലര്‍ത്തുന്ന വിശ്വാസം തെല്ലും ചെറുതല്ല. അതിന് കാരണം, കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റില്‍ താരം പുലര്‍ത്തുന്ന മികവാണ്. 2023ന്‍റെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ സെഞ്ച്വറിയിലൂടെയും ഡബിള്‍ സെഞ്ച്വറിയിലൂടെയും റണ്‍സടിച്ചുകൂട്ടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അതേ മികവ് ഐപിഎല്ലിലും ആവര്‍ത്തിക്കാന്‍ താരത്തിനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന ഗില്‍ ഐപിഎല്‍ 16ാം പതിപ്പിലെ 16 മത്സരങ്ങളില്‍ നിന്നും 890 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. സീസണില്‍ കൂടുതല്‍ റണ്‍സടിച്ചെങ്കിലും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ താരത്തിനായിരുന്നില്ല.

ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കാനുള്ള പരിശ്രമത്തിലാണ് ഗില്‍. കഴിഞ്ഞ പ്രാവശ്യം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ടീമിലെ ഒരു അംഗം കൂടിയായിരുന്നു 23കാരനായ താരം. അന്ന് നഷ്‌ടപ്പെട്ട കിരീടം ഇപ്രാവശ്യം സ്വന്തമാക്കാമാകുമെന്ന വിശ്വാസം ഉണ്ടെങ്കിലും ടി20 ക്രിക്കറ്റില്‍ നിന്നും പെട്ടന്ന് ടെസ്റ്റിലേക്ക് മാറുന്നതില്‍ ഒരു ചെറിയ ആശങ്കയും ശുഭ്‌മാന്‍ ഗില്ലിനുണ്ട്.

'ഐപിഎല്ലിലെ പ്രകടനം ആത്മവിശ്വാസം പകരുന്നതാണ്. എന്നാല്‍, ഇവിടെ സാഹചര്യങ്ങളും ഗെയിമും തികച്ചും വ്യത്യസ്‌തമാണ്. അതിലും ഒരു രസകരമായ സംഭവമുണ്ട്. കഴിഞ്ഞ ആഴ്‌ചയില്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ഒരു അന്തരീക്ഷത്തില്‍ തികച്ചും വ്യത്യസ്‌തമായ ക്രിക്കറ്റാണ് കളിച്ചത്. ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല. ഇക്കാര്യമാണ് ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശഭരിതമാക്കുന്നത്' - ഐസിസിയോട് ശുഭ്‌മാന്‍ ഗില്‍ പറഞ്ഞു.

Also Read:സച്ചിനും കോലിയുമായുള്ള താരതമ്യപ്പെടുത്തല്‍ 'അന്യായം', ഭാവിയില്‍ 3 ഫോര്‍മാറ്റിലും ശുഭ്‌മാന്‍ ഗില്‍ താരമാകും: ഗാരി കിര്‍സ്റ്റണ്‍

2019-21 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ എട്ട് റണ്‍സിന്‍റെ ജയമായിരുന്നു ന്യൂസിലന്‍ഡ് നേടിയത്. അന്ന് ബാറ്റുകൊണ്ട് കാര്യമായൊന്നും ഗില്ലിന് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സതാംപ്‌ടണില്‍ കിവീസിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 28 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സും മാത്രമാണ് ഗില്ലിന് നേടാനായത്.

ഇപ്രാവശ്യം, ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ആ തോല്‍വിയില്‍ നിന്നും കരകയറാനുള്ള അവസരമാണ് ഇന്ത്യയ്‌ക്കുള്ളത്. കിവീസിനോടേറ്റ ആ തോല്‍വിയില്‍ നിന്നും ഇന്ത്യന്‍ ടീം ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും ഗില്‍ അഭിപ്രായപ്പെട്ടു.

'ആ ഫൈനലില്‍ ഞങ്ങള്‍ക്ക് ഒരുപാട് പിഴവുകള്‍ സംഭവിച്ചിരുന്നു. മത്സരത്തിന് ശേഷം ടീമെന്ന നിലയിലും ഒരു ബാറ്റിങ് ഗ്രൂപ്പ് എന്ന നിലയിലും അതിനെ കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ആ തോല്‍വിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്രാവശ്യം മറ്റൊരു ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ അന്ന് സംഭവിച്ച പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്'- ഗില്‍ വ്യക്തമാക്കി.

Also Read:'സച്ചിനെതിരെ പന്തെറിഞ്ഞപ്പോള്‍ ഉണ്ടായ അനുഭൂതിയാകും ഗില്ലിനെതിരെ പന്തെറിയാന്‍ കഴിഞ്ഞാല്‍ ലഭിക്കുക': വസീം അക്രം

ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മാണിക്കാണ് മത്സരം തുടങ്ങുന്നത്.

ABOUT THE AUTHOR

...view details