അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് യുവതാരം ശുഭ്‌മാന്‍ ഗില്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റിലും ടി20യിലും സെഞ്ച്വറിയും നേടി മികച്ച ഫോമിലാണ് ഗില്‍ ബാറ്റ് വീശുന്നത്. ഈ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നടത്തിയ മിന്നും പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കാന്‍ ഗില്ലിനായിട്ടുണ്ട്.
ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഈ മത്സരത്തില്‍ 36 പന്ത് നേരിട്ട് 63 റണ്‍സ് നേടിയ ഗില്ലിന്‍റെ പ്രകടനമാണ് ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജയത്തുടക്കം സമ്മാനിച്ചത്. എന്നാല്‍ ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തില്‍ ഗില്ലിന് 14 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഗുജറാത്തിന് മികച്ച തുടക്കം നല്‍കാന്‍ ഗില്ലിനായി. നൈറ്റ് റൈഡേഴ്‌സിനെതിരെ നിലയുറപ്പിച്ച് കളിച്ച ഗില്‍ 31 പന്തില്‍ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. ഈ സീസണിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഗില്‍ ഇതുവരെ 116 റണ്‍സാണ് ഗുജറാത്തിനായി നേടിയിട്ടുള്ളത്.
ആഗ്രഹം സച്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍:ഇന്ത്യന്‍ ടീമില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായാണ് ഗില്‍ ക്രീസിലെത്താറുള്ളത്. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുന്‍പ് ക്രിക്കറ്റില്‍ ആര്‍ക്കൊപ്പമാണ് താന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി ഗില്‍ രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് 24 കാരനായ ഗില്ലിന്‍റെ ആഗ്രഹം. ജിയോ സിനിമയിലൂടെയാണ് ശുഭ്‌മാന്‍ ഗില്‍ ഇക്കാര്യം വ്യക്തമാക്കിയത്.