മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ പുറത്ത്. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടർന്ന് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി ദിലീപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാർച്ച് 17 വെള്ളിയാഴ്‌ചയാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
വിദഗ്‌ധ ചികിത്സയ്‌ക്കായി താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നതിനാൽ ശ്രേയസിന് വരാനിരിക്കുന്ന ഐപിഎല്ലും ഭാഗികമായി നഷ്‌ടപ്പെട്ടേക്കും. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകനായ ശ്രേയസ് അയ്യരുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും നൽകുക.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിൽ ശ്രേയസിന് പകരം ആരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. ശ്രേയസിന് പകരം നാലാം നമ്പറിൽ ടി20 സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ ടെസ്റ്റിനിടെ ശ്രേയസിന് പരിക്കേറ്റതോടെ ഓസീസിനെതിരായ ഏകദിന പരമ്പരയിൽ താരത്തിന് പകരക്കാരനായി സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു.
പിടിവിടാതെ പരിക്ക്: കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കിടെയാണ് ശ്രേയസിന് പരിക്കേൽക്കുന്നത്. ഇതിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന- ടി20 പരമ്പരകളിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷമായിരുന്നു താരം ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.