പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്‌റ്റിന്‍ഡീസിനെതിരായ അടുത്ത മത്സരത്തില്‍ സെഞ്ച്വറി നേടുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമായിരുന്നു ശ്രേയസിന്‍റെ അഭിപ്രായപ്രകടനം. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും അയ്യര്‍ അര്‍ധ ശതകം നേടിയിരുന്നു.
ഇന്ന് സ്‌കോര്‍ ചെയ്‌ത റണ്‍സില്‍ സന്തുഷ്‌ടനായിരുന്നു, പക്ഷേ ഞാന്‍ പുറത്തായ രീതി ദുഃഖകരമായ ഒന്നാണ്. ടീമിനെ എളുപ്പത്തില്‍ വിജയത്തിലെത്തിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. അതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ നിര്‍ഭാഗ്യം കൊണ്ടാണ് എനിക്ക് വിക്കറ്റ് നഷടപ്പെടുത്തേണ്ടി വന്നത്. അടുത്ത കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന് വേണ്ടി ഒരു സെഞ്ച്വറി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രേയസ് അയ്യര്‍ അഭിപ്രായപ്പെട്ടു.
മത്സരത്തില്‍ തനിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇത്തരം തുടക്കങ്ങള്‍ എപ്പോഴും ലഭിക്കില്ല. ഇങ്ങനെ കിട്ടുന്ന അവസരങ്ങളില്‍ ലഭിക്കുന്ന അര്‍ധശതകങ്ങള്‍ സെഞ്ച്വറികളായി മാറ്റാന്‍ കഴിയുന്നതാണ്. ഇന്ന് എനിക്ക് അത് ചെയ്യാനുള്ള മികച്ച അവസരമാണ് ലഭിച്ചതെന്ന് കരുതിയെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
വിക്കറ്റ് അനാവശ്യമായി വലിച്ചെറിഞ്ഞതാണന്ന് പറയാന്‍ കഴിയില്ല. ഒരു മികച്ച ക്യാച്ചിലൂടെയാണ് മത്സരത്തില്‍ പുറത്തായത്. സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ടീമിന്‍റെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തുന്ന അയ്യര്‍ തന്‍റെ പുതിയ റോള്‍ വളരെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു. മത്സരത്തിന്‍റെ ഗതിയനുസരിച്ച് ബാറ്റ് ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച പൊസിഷനാണിതെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
സഞ്‌ജുവിന്‍റെ സിക്‌സറുകള്‍ കളിയുടെ ഗതി മാറ്റി:മത്സരത്തില്‍ സഞ്ജു സ്‌പിന്നര്‍മാരെ നേരിട്ട രീതിയാണ് കളിയുടെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലേല്‍പ്പിച്ചതെന്നും അയ്യര്‍ പറഞ്ഞു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടമായ ഘട്ടത്തിലാണ് ഇരുവരും ബാറ്റിങിനായി ഒരുമിച്ചത്. സഞ്ജു ബാറ്റിങിനെത്തുമ്പോള്‍ 20-ഓളം പന്ത് നേരിട്ട് താന്‍ 15 റണ്‍സ് നേടിയിരുന്നു.
എന്താണ് ചെയ്യാൻ പോകുന്നതെന്നതിനെ കുറിച്ച് എനിക്കറിയാമായിരുന്നു. കുറച്ചു പന്തുകള്‍ നേരിട്ട ശേഷം സഞ്‌ജു സ്‌പിന്നര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയത്. അവിടെ നിന്നാണ് പാര്‍ട്‌ണര്‍ഷിപ്പ് കെട്ടിപ്പടുത്ത് ലക്ഷ്യത്തിലേക്ക് നീങ്ങിയതെന്നും അയ്യര്‍ അഭിപ്രായപ്പെട്ടു.
നിര്‍ണായകമായ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ്-സഞ്‌ജു സഖ്യമാണ് വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും പിരിഞ്ഞത്.
വിന്‍ഡീസ് പരമ്പരയില്‍ മികച്ച ഫോമിലാണ് ശ്രേയസ് അയ്യര്‍ ബാറ്റ് വീശുന്നത്. മൂന്ന് റണ്‍സിന് ഇന്ത്യ ജയം കണ്ട ആദ്യ മത്സരത്തില്‍ 54 റണ്‍സായിരുന്നു അയ്യര്‍ നേടിയത്. രണ്ടാം ഏകദിനത്തിലും മൂന്നാമനായി ബാറ്റിങിനെത്തിയ താരം 71പന്തില്‍ 63 റണ്‍സ് നേടി ടീമിന്‍റെ ജയത്തിന് നിര്‍ണായക പങ്ക് വഹിച്ചു.