ദുബൈ:ഐസിസി പുരുഷ ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യർക്ക് കുതിപ്പ്. 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം 18-ാം സ്ഥാനത്തെത്തി. ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്. മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി പ്രകടനവുമായി അയ്യര്‍ പുറത്താവാതെ നിന്നിരുന്നു. 174 സ്‌ട്രൈക്ക് റേറ്റിൽ 204 റൺസാണ് 27കാരൻ പരമ്പരയില്‍ നേടിയത്.
പരമ്പരയ്‌ക്കിറങ്ങാതിരുന്ന മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ പത്തില്‍ നിന്നും പുറത്തായി. നിലവില്‍ 15ാം സ്ഥാനത്താണ് കോലിയുള്ളത്. 10ാമതുള്ള കെഎല്‍ രാഹുല്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റര്‍. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് സ്ഥാനമുയര്‍ന്ന് 17ാം സ്ഥാനത്തെത്തി.
ലങ്കന്‍ നിരയില്‍ പരമ്പരയിലെ രണ്ടാം മത്സരത്തിൽ 75 റണ്‍സടിച്ച പാത്തും നിസ്സാങ്ക ബാറ്റര്‍മാരുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങൾ ഉയർന്ന് ഒമ്പതാം സ്ഥാനത്തെത്തി. യുഎഇ താരം മുഹമ്മദ് വസീമാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഈ ആഴ്‌ച ശ്രദ്ധേയമായ കുതിപ്പ് നടത്തിയ മറ്റൊരു താരം. അയര്‍ലന്‍റിനെതിരായ ലോക കപ്പ് യോഗ്യത മത്സരത്തില്‍ സെഞ്ചുറി നേടിയ താരം പുറത്താവാതെ നിന്നിരുന്നു.
ഈ പ്രകടനത്തോടെ 12ാം സ്ഥാനത്തെത്താന്‍ വസീമിനായി. ഒരു യുഎഇ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന ടി20 റാങ്കിങ് കൂടിയാണിത്. 2017ൽ 13-ാം സ്ഥാനത്തെത്തിയ ഷൈമാൻ അൻവറിനെയാണ് വസീം മറികടന്നത്. ബൗളർമാരിൽ യുഎഇയുടെ സഹൂർ ഖാൻ 17 സ്ഥാനങ്ങൾ ഉയർന്ന് 42-ാം സ്ഥാനത്തെത്തി, അയർലൻഡിന്‍റെ ജോഷ് ലിറ്റിൽ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 49ാം സ്ഥാനത്തെത്തി.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ യുഎഇ താരം രോഹൻ മുസ്തഫ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നേരത്തെ 2020 ഫെബ്രുവരിയിൽ അഞ്ചാം സ്ഥാനത്തെത്തിയതാണ് താരത്തിന്‍റെ ഉയര്‍ന്ന റാങ്കിങ്.