മെൽബണ്‍ : ടി20 ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയിൽ ഇടം നേടി ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും, സൂര്യകുമാർ യാദവും. ടൂർണമെന്‍റിലെ റണ്‍വേട്ടക്കാരിൽ മുന്നിലുള്ള താരങ്ങളാണ് ഇരുവരും. ആറ് മത്സരങ്ങളില്‍ നിന്ന് കോലി 98.67 ശരാശരിയില്‍ 136.41 സ്ട്രൈക്ക് റേറ്റില്‍ 296 റണ്‍സടിച്ച് ഒന്നാം സ്ഥാനത്താണ്. സൂര്യയാകട്ടെ ആറ് മത്സരങ്ങളില്‍ 59.75 ശരാശരിയില്‍ 189.68 സ്ട്രൈക്ക് റേറ്റില്‍ 239 റണ്‍സടിച്ച് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്.
കോലിക്കും സൂര്യക്കും പുറമെ ശ്രീലങ്കന്‍ സ്‌പിന്നര്‍ വാനിന്ദു ഹസരങ്ക, പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍, പേസര്‍ ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍, ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ്, ഓള്‍ റൗണ്ടര്‍ സാം കറന്‍, സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ എന്നിവരാണ് ടൂര്‍ണമെന്‍റിലെ താരമാകാനുള്ളവരുടെ പട്ടികയില്‍ ഇടം നേടിയത്.
ടൂർണമെന്‍റിലെ ആറ് മത്സരങ്ങളിൽ നിന്ന് നാല് അർധ സെഞ്ച്വറികള്‍ ഉൾപ്പടെയാണ് കോലി 296 റണ്‍സ് അടിച്ചെടുത്തത്. ടി20 ക്രിക്കറ്റിൽ 4000 റണ്‍സ് പൂർത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡും, ടി20 ലോകകപ്പുകളിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ടൂർണമെന്‍റിലെ തകർപ്പൻ പ്രകടനത്തിലൂടെ കോലി സ്വന്തമാക്കിയിരുന്നു.
കടുത്ത മത്സരം : ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് ശ്രീലങ്കൻ സ്‌പിന്നർ വാനിന്ദു ഹസരങ്ക പുറത്തെടുത്തത്. എട്ട് മത്സരങ്ങളിൽ നിന്ന് 6.41 ഇക്കോണമിയിൽ 15 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങിയാണ് പാക് ഓൾ റൗണ്ടർ ഷദാബ് ഖാൻ പട്ടികയിൽ ഇടം നേടിയത്.