ലാഹോര്‍ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്‌ഗാനിസ്ഥാനാണെന്ന് പാക് മുന്‍ താരം ഷോയിബ് മാലിക് (Shoaib Malik). ദക്ഷിണാഫ്രിക്കയോട് തോറ്റ് ലോകകപ്പില്‍ അഫ്‌ഗാന്‍റെ സ്വപ്‌നക്കുതിപ്പ് അവസാനിച്ചതിന് പിന്നാലെയായിരുന്നു മാലിക്കിന്‍റെ പ്രതികരണം. ഈ ലോകകപ്പില്‍ 9 മത്സരം കളിച്ച അഫ്‌ഗാനിസ്ഥാന്‍ നാല് ജയമാണ് സ്വന്തമാക്കിയത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ലോകകപ്പില്‍ അഫ്‌ഗാന്‍ ടീം ഒന്നിലധികം മത്സരങ്ങളില്‍ ജയം പിടിക്കുന്നത്. 2015, 2019 വര്‍ഷങ്ങളില്‍ ലോകകപ്പില്‍ പോരടിച്ച അഫ്‌ഗാന്‍ സംഘം ആകെ ഒരു ജയം മാത്രമായിരുന്നു നേടിയിരുന്നത്. ഇത്തവണ രണ്ട് തുടര്‍ തോല്‍വികളോടെയായിരുന്നു അവരുടെ തുടക്കം.
ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു അഫ്‌ഗാന്‍ ഇപ്രാവശ്യത്തെ ആദ്യ ജയം നേടിയത്. പിന്നാലെ പാകിസ്ഥാന്‍ (Pakistan), ശ്രീലങ്ക (Sri Lanka), നെതര്‍ലന്‍ഡ്‌സ് (Netherlands) എന്നീ ടീമുകളെയും പരാജയപ്പെടുത്താന്‍ അഫ്‌ഗാനായി. ചെന്നൈയില്‍ പാകിസ്ഥാനെതിരെ എട്ട് വിക്കറ്റിന്‍റെ ജയമായിരുന്നു അഫ്‌ഗാനിസ്ഥാന്‍ നേടിയത്.
മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെയായിരുന്നു അഫ്‌ഗാനിസ്ഥാന്‍ മറികടന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്ഥാനെതിരായ അഫ്‌ഗാന്‍റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഷോയിബ് മാലിക്കിന്‍റെ പ്രതികരണം.