ലണ്ടൻ:2012-13ന് ശേഷം ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഇന്ത്യൻ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പൻ പരീക്ഷണങ്ങൾ നടത്തി വിജയം കൊയ്യുന്ന പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും നായകൻ ബെൻ സ്റ്റോക്‌സിനും ഇന്ത്യൻ മണ്ണിനെ കുറിച്ച് നന്നായറിയാം. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇംഗ്ലണ്ടില്‍ പരീക്ഷിച്ച് വിജയിച്ച 'ബാസ് ബോൾ' മാത്രം മതിയാകില്ല. ഇന്ത്യൻ ബാറ്റർമാരെ കറക്കിവീഴ്‌ത്താൻ ഒരാൾ വേണം. അതിനായുള്ള അന്വേഷണം എത്തി നിന്നത് ഒരു പാക് വംശജനിലാണ്. പേര് ഷോയിബ് ബഷീർ.
ആ ഫോൺ കോൾ:കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഷോയിബ് ബഷീറിന്‍റെ ഫോണിലേക്ക് ന്യൂസിലൻഡിൽ നിന്നുള്ള ഒരു നമ്പരില്‍ നിന്ന് കോൾ വന്നു. യാദൃശ്ചികമായി ആരിൽ നിന്നെങ്കിലും വന്ന കോൾ ആയിരിക്കാമെന്നാണ് ഷോയിബ് ബഷീർ കരുതിയത്. അതുകൊണ്ടു തന്നെ ആ കോൾ അവഗണിക്കുകയും ചെയ്‌തു. ആറ് ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും മാത്രം കളിച്ച ഇരുപത് വയസുകാരനെ ഇംഗ്ലീഷ് പരിശീലകൻ ബ്രണ്ടൻ മക്കല്ലം ഫോണില്‍ വിളിക്കുമെന്ന് അയാൾ കരുതിയില്ല. പക്ഷേ ആ വിളി സത്യമായിരുന്നു.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജനുവരി 25 ന് ഹൈദരാബാദിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള (അഞ്ച് ടെസ്റ്റുകൾ) 16 അംഗ ഇംഗ്ലീഷ് ദേശീയ ക്രിക്കറ്റ് ടീമില്‍ ഷോയിബ് ബഷീറിന്‍റെ പേരുമുണ്ട്. ഷോയിബിനെ പോലും അത്‌ഭുതപ്പെടുത്തിയ തീരുമാനം. പക്ഷേ ഇന്ത്യൻ മണ്ണിനെ കുറിച്ച് നന്നായി അറിയാവുന്ന ഇംഗ്ലീഷ് സെലക്‌ടർമാർക്ക് ആറടി നാലിഞ്ചുകാരനായ ഓഫ്‌സ്‌പിന്നറെ ടീമില്‍ ആവശ്യമായിരുന്നു.