കറാച്ചി :എഷ്യ കപ്പ് ക്രിക്കറ്റിലൂടെ ഫോമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സടിച്ച കോലി, ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നിരുന്നു.
എന്നാല്‍ കോലിയുടെ ഇന്നിങ്‌സ് അത്ര മികച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാക് പേസ് ഇതിഹാസം ഷൊയ്‌ബ് അക്തര്‍. ബാറ്റിന്‍റെ മധ്യത്തില്‍ നന്നായി പന്ത് കൊള്ളിക്കാന്‍ കോലിക്ക് കഴിയുന്നില്ലെന്നാണ് അക്തര്‍ പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തറിന്‍റെ പ്രതികരണം.
"കോലിയുടെ രണ്ട് ഇന്നിങ്‌സുകളും തികച്ചും പരുഷമായിരുന്നു. അവന്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഞാന്‍ ആശംസ നേര്‍ന്നിരുന്നു. ഈ ഫോര്‍മാറ്റ് യോജിച്ചതാണോ അല്ലയോയെന്ന് തീരുമാനിക്കാന്‍ ടി20 ലോകകപ്പ് വരെ കാത്തിരിക്കാനാണ് കോലിയോട് എന്‍റെ ഒരേയൊരു നിർദേശം''. ഷൊയ്‌ബ് അക്തര്‍ പറഞ്ഞു.
വിരാട് കോലി 100 സെഞ്ച്വറികള്‍ നേടി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. "നിങ്ങൾക്ക് എന്നെന്നേക്കുമായി ഏറ്റവും മികച്ച കളിക്കാരനാകാം. അതിന് നിങ്ങൾ എക്കാലത്തെയും മികച്ചവനാണെന്ന് സ്വയം ബോധ്യപ്പെടുത്തണം.
നേടാന്‍ കഴിയുമെങ്കില്‍ ഇത് ഏറ്റവും കഠിനമായ 30 സെഞ്ചുറികളായിരിക്കും. ക്രിക്കറ്റിന്‍റെ ദൈർഘ്യമേറിയ ഫോർമാറ്റുകളില്‍ കളിക്കുമ്പോള്‍ സെറ്റിലാവാന്‍ അവന് സമയം ലഭിക്കും. ഇവിടെയും അവന്‍ അതിനായാണ് ശ്രമിക്കുന്നത്. എന്നാല്‍ സമയം കുറവാണ്.
also read: കോലിക്ക് ഒരിക്കലും രോഹിത് ശര്‍മയാവാന്‍ കഴിയില്ല; വിമര്‍ശനവുമായി പാക് മുന്‍ ക്യാപ്‌റ്റന്‍ റാഷിദ് ലത്തീഫ്
നിങ്ങൾക്ക് നല്ല സ്‌ട്രൈക്ക് റേറ്റ് നിലനിർത്തുകയും ടീമിന്‍റെ വിജയം ഉറപ്പിക്കുകയും വേണം. കോലി പോസിറ്റീവ് മനോഭാവമുള്ള ആക്രമണോത്സുകനായ, മികച്ച കളിക്കാരനാണ്. അവന്‍ 100 സെഞ്ച്വറികള്‍ നേടി സച്ചിന്‍റെ റെക്കോഡ് തകര്‍ക്കുന്നത് കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ അത് അസാധ്യമാണെന്ന് തോന്നുന്നു, എന്നാല്‍ അവന് അതിന് കഴിയും". അക്തർ പറഞ്ഞു.