കറാച്ചി :ടിവി ചാനൽ അവതാരകൻ തത്സമയ പരിപാടിയിൽ അപമാനിച്ചതിനെത്തുടർന്ന് ഷോയിൽ നിന്ന് ഇറങ്ങിപ്പോയി മുൻ പാകിസ്ഥാൻ പേസർ ഷുഐബ് അക്തർ. പാക് ചാനലായ പിടിവിയിൽ, ന്യൂസിലാൻഡിനെതിരെ പാകിസ്ഥാൻ നേടിയ വിജയം സംബന്ധിച്ച് നടത്തിയ ലൈവ് ചർച്ചയിൽ നിന്നാണ് താരം ഇറങ്ങിപ്പോയത്. പിടിവിയുടെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജിവയ്ക്കുന്നതായും അക്തർ അറിയിച്ചു.
മുൻ താരങ്ങളായ വിവിയൻ റിച്ചാർഡ്‌സ്, ഡേവിഡ് ഗോവർ, റാഷിദ് ലത്തീഫ്, ഉമർ ഗുൽ, ആഖിബ് ജാവേദ്, പാകിസ്ഥാൻ വനിത ടീം ക്യാപ്റ്റൻ സന മിർ എന്നിവരായിരുന്നു ചർച്ചയിലെ മറ്റ് അതിഥികൾ. ചര്‍ച്ചയ്ക്കിടെ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്‌സാണെന്ന് അക്തര്‍ പറഞ്ഞു. അവതാരകന്‍റെ ഏതാനും ചോദ്യങ്ങള്‍ അവഗണിച്ചായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്.
ഇതിൽ പ്രകോപിതനായ അവതാരകൻ നുമാന്‍ നിയാസ് താരത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു. 'നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്' എന്നായിരുന്നു നുമാന്‍റെ വാക്കുകള്‍.