കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെന്ന പോലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) സൂപ്പര്‍ ഫോര്‍ മത്സരത്തിലും മഴ കളിക്കുകയാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്നലെ പൂര്‍ത്തിയാവേണ്ട മത്സരം മഴ കളിച്ചതോടെ റിസര്‍വ് ഡേ ആയ ഇന്ന് പുനരാരംഭിക്കാനാണ് തീരുമാനം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് പുരോഗമിക്കവെയാണ് മഴ കളി മുടക്കിയത്.
ടോസ് നേടിയതിന് ശേഷം പേസ് നിരയുടെ മികവില്‍ ഇന്ത്യയെ വേഗം എറിഞ്ഞൊതുക്കാമെന്ന് കരുതിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (Rohit Sharma) ശുഭ്‌മാന്‍ ഗില്ലും (Shubman Gill) നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്.
തുടര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. രോഹിത് ശര്‍മ (49 പന്തുകളില്‍ 56), ശുഭ്‌മാന്‍ ഗില്‍ (52 പന്തുകളില്‍ 58) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. വിരാട് കോലി (16 പന്തുകളില്‍ 8), കെഎല്‍ രാഹുല്‍ (28 പന്തുകളില്‍ 17) എന്നിവരാണ് ക്രീസില്‍.
ഇതിന് പിന്നാലെ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ബാബര്‍ അസമിന്‍റെ തീരുമാനത്തെ പരിഹസിച്ചിരിക്കുകയാണ് പാക് ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തർ (Shoaib Akhtar took jibe at Babar Azam ). മത്സരത്തില്‍ മഴയാണ് പാകിസ്ഥാനെ രക്ഷിച്ചതെന്നാണ് ഷൊയ്ബ് അക്തറിന്‍റെ പരിഹാസം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ രക്ഷിച്ചതും മഴയാണെന്ന് കൊളംബോയില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുറത്ത് വിട്ട വിഡിയോയില്‍ അക്തര്‍ പറയുന്നത്.