ലാഹോർ: ടി20 ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍റെ സെമി സാധ്യതകൾ ഏറെക്കുറെ തുലാസിലായിരിക്കുകയാണ്. തുടർ തോൽവികൾക്ക് പിന്നാലെ പാകിസ്ഥാൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് പേസർ ഷൊയ്‌ബ് അക്തര്‍.
പാകിസ്ഥാന് വളരെ മോശം ക്യാപ്റ്റനാണുള്ളത്. രണ്ടാം മത്സരത്തില്‍ തന്നെ പാകിസ്ഥാന്‍ സിംബാബ്‌വെയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുന്നു. ബാബര്‍ അസം വണ്‍ ഡൗണായി ബാറ്റ് ചെയ്യണമെന്ന് പലതവണ പറഞ്ഞു. പക്ഷെ അദ്ദേഹം കേട്ടില്ല. ഷഹീന്‍ അഫ്രീദിയുടെ ഫിറ്റ്നസ് ആണ് മറ്റൊരു പ്രശ്‌നം. എന്തു തരം ക്രിക്കറ്റാണ് അവര്‍ കളിക്കുന്നതെന്ന് ഇതുവരെ മനസിലായിട്ടില്ല.
ദൈവം സഹായിച്ചിട്ട് അവര്‍ സിംബാബ്‌വെയോട് തോറ്റു. എന്നിട്ടും പാക് ക്രിക്കറ്റ് തകര്‍ച്ചയിലാണെന്ന് മനസിലാക്കാനുള്ള ബുദ്ധി പാക് ടീം മാനേജ്മെന്‍റിനോ പാക് ക്രിക്കറ്റ് ബോര്‍ഡിനോ ഇല്ല. നാലു ബൗളര്‍മാരുമായി കളിക്കേണ്ട നമ്മുടെ ഇലവനിൽ മൂന്ന് പേസർമാർ മാത്രമേ ഉള്ളു. അതുപോലെ മധ്യനിരയും ശരിയല്ല. മികച്ച ബാക്ക് ഫൂട്ട് കളിക്കാരനായ ഫഖര്‍ സമന്‍ അവിടെ വെറുതെ ഇരിക്കുന്നു.
ALSO READ:'ലജ്ജാകരം, ഇനി കാര്യങ്ങള്‍ എളുപ്പമല്ല' ; സിംബാബ്‌വെയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാനെ പൊരിച്ച് മുന്‍ താരം
ഇത് ശരിക്കും നിരാശാജനകമാണ്. പാകിസ്ഥാൻ ഈ ആഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ശരാശരി കളിക്കാരെയും ടീം മാനേജ്‌മെന്‍റിനെയും തെരഞ്ഞെടുക്കുന്ന പ്രവണത പാകിസ്ഥാൻ തുടരുക, അതിന് ഇത് മാത്രമായിരിക്കും ഫലം. ടീമിന്‍റെ പ്രകടനത്തില്‍ ഞാന്‍ നിരാശനാണ്. സെമി ഫൈനൽ കളിച്ച് ഇന്ത്യയും നാട്ടിലേക്ക് മടങ്ങും. അവരും അത്ര നല്ല ഫോമിലല്ല, അക്‌തർ കൂട്ടിച്ചേർത്തു.