മുംബൈ:ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ക്രിക്കറ്റില്‍ നേര്‍ക്കുനേരെത്തുമ്പോള്‍ ആവേശം അതിന്‍റെ പാരമ്യത്തിലെത്താറുണ്ട്. രാഷ്‌ട്രീയ കാരണങ്ങളാല്‍ നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖമെത്താറുള്ളത്. ഏഷ്യ കപ്പും പിന്നീട് ഏകദിന ലോകകപ്പും നടക്കാനിരിക്കവെ വരും മാസങ്ങളിൽ ഇരു ടീമുകളും ഒന്നിലധികം തവണ പോരടിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധക ലോകം.
പാകിസ്ഥാന്‍ ആതിഥേയരാവുന്ന ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലിലാണ് നടക്കുന്നത്. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയാവുക. മറുവശത്ത് ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായി അയല്‍ക്കാര്‍ രാജ്യത്തേക്ക് എത്തുകയും ചെയ്യും. ഇപ്പോഴിതാ ഒരു ആരാധകന്‍റെ വീക്ഷണ കോണില്‍ ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാന്‍ (Shikhar Dhawan) .
ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും പാക്കിസ്ഥാനെ തോൽപ്പിക്കണമെന്നാണ് ധവാന്‍റെ വാക്കുകള്‍. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് ധാവന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന്‍റെ വിഡിയോ ആദ്യം ട്വിറ്ററില്‍ പങ്കുവച്ചിരുന്നുവെങ്കിലും പിന്നീട് നീക്കം ചെയ്‌തുവെന്നതാണ് മനസിലാക്കാന്‍ കഴിയുന്നത്.
"ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും പാക്കിസ്ഥാനെ തോൽപ്പിക്കണം' (ചിരിക്കുന്നു) എന്നതായിരിക്കും എല്ലായ്‌പ്പോഴും സ്ഥിതി. എന്നാല്‍ ലോകകപ്പ് നേടുകയെന്നതും ഏറെ പ്രധാനമാണ്. ദൈവകൃപയാൽ അതിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തീർച്ചയായും ആവേശമുണ്ട്, അതോടൊപ്പം സമ്മർദ്ദവും.
മത്സരം അവസാനിക്കുമ്പോൾ അവർക്കെതിരെ കളിക്കുന്നത് തീർച്ചയായും തൃപ്തികരമായ ഒരു വികാരമാണ്. ഞാൻ പാകിസ്ഥാനുമായി കളിച്ചപ്പോഴെല്ലാം ഞങ്ങൾ വിജയിച്ചിട്ടുണ്ട്. മൈതാനത്തേക്കെത്തുമ്പോള്‍ എപ്പോഴും ആവേശം കൂടുതലാണ്. എന്നാല്‍ അവരോട് ചെറിയ സംഭാഷണങ്ങളും നടത്താറുണ്ട്"- ശിഖര്‍ ധവാൻ പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മോശം പ്രകടനത്തിന്‍റെ പേരില്‍ നിലില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് 37-കാരനായ ശിഖര്‍ ധവാന്‍റെ സ്ഥാനമുള്ളത്. ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലായി സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കും ധവാനെ പരിഗണിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഐസിസി ഇവന്‍റുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാളാണ് ധവാന്‍.
പാകിസ്ഥാനെതിരായ റെക്കോഡ് വർഷങ്ങളായി അദ്ദേഹം നടത്തിയ മികച്ച പ്രകടനങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്. അയല്‍ക്കാര്‍ക്കെതിരെ 102.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 54.28 എന്ന തകര്‍പ്പന്‍ ശരാശരിയിലും 380 റൺസാണ് ധവാന്‍ നേടിയിട്ടുള്ളത്. അതേസമയം മാസങ്ങള്‍ നീണ്ട അനിശ്ചിതത്തങ്ങള്‍ക്ക് ഒടുവില്‍ അടുത്തിടെയാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എത്തുന്നത് സംബന്ധിച്ച കാര്യം തീരുമാനമായത്.
ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റില്‍ രാഷ്‌ട്രീയം കൂടി കലര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ ടീം ഇന്ത്യയില്‍ ലോകകപ്പ് കളിക്കുന്നതില്‍ അന്തിമ തീരുമാനം രാജ്യത്തെ സര്‍ക്കാര്‍ എടുക്കുമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് എടുത്തത്. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രി രൂപീകരിച്ച കമ്മിറ്റി അടുത്തിടെയാണ് ടീമിന് ഇന്ത്യയിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 14-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം നടക്കുക.
ALSO READ: Rohit Sharma | രോഹിത് പുറത്തിരുന്ന് കളി കാണുന്നു, അവിടെ ഇന്ത്യ തോല്‍ക്കുന്നു: എല്ലാത്തിനും ഒരു കാരണമുണ്ട്