തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ തഴയപ്പെട്ട മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിനായി ശക്തമായി വാദിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. മോശം ഫോമിലുള്ള പന്തിനെ മാറ്റി സഞ്‌ജുവിന് അവസരം നല്‍കണമെന്നാണ് മറ്റ് ആരാധകരെ പോലെ തരൂരും ആവശ്യപ്പെട്ടിരിക്കുന്നത്. റിഷഭ് പന്ത് ഫോമിലല്ലെന്ന വസ്‌തുത മാനേജ്‌മെന്‍റ് മനസിലാക്കണമെന്ന് തരൂര്‍ ട്വീറ്റ് ചെയ്‌തു.
പന്തിനെ പിന്തുണച്ച് പരിശീലകന്‍ വിവിഎസ് ലക്ഷ്‌മൺ നടത്തിയ പ്രസ്‌താവന ചൂണ്ടിയാണ് തരൂരിന്‍റെ പ്രതികരണം. "നാലാം നമ്പറിൽ റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്‌ചവച്ചു, അതിനാൽ അവനെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നാണ് ലക്ഷ്‌മണ്‍ പറയുന്നത്.
തന്‍റെ അവസാന 11 ഇന്നിങ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് പന്ത്. ഏകദിനത്തിൽ 66 ശരാശരിയും അവസാന അഞ്ച് മത്സരങ്ങളിലും റൺസ് നേടിയിട്ടും സഞ്ജു ബെഞ്ചിലാണ്. വസ്‌തുത മനസിലാക്കൂ", കിവീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നിന്നും സഞ്‌ജു തഴയപ്പെട്ടതോടെ ശശി തരൂർ ട്വീറ്റ് ചെയ്‌തു.