മുംബൈ : ടി20 ലോകകപ്പില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പകരമാവാന്‍ ശാര്‍ദുല്‍ താക്കൂറിനാവില്ലെന്ന് കമന്‍റേറ്ററും മുന്‍ താരവുമായ ആകാശ് ചോപ്ര. തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ പ്രശസ്തിക്ക് മേലെ ഫോം പരിഗണിക്കണോ അതോ, ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ശാര്‍ദുലിനെയോ മറ്റേതെങ്കിലും ബൗളിങ് ഓൾറൗണ്ടറെയോ കളിപ്പിക്കണോ എന്ന ചോദ്യത്തോടായിരുന്നു ചോപ്രയുടെ പ്രതികരണം.
'ഹാർദിക് പാണ്ഡ്യയുടെ സ്ഥാനത്ത് കളിക്കാന്‍ ശാർദുൽ താക്കൂറിന് കഴിയില്ല. ടി20യില്‍ എവിടെയാണ് അവൻ (ശാർദുൽ) റൺസ് നേടിയത്? ആർക്കുവേണ്ടി? അവൻ സിഎസ്കെയ്ക്ക് വേണ്ടിയും അങ്ങനെ കളിച്ചിട്ടില്ല, നമുക്ക് സത്യം പറയാം, നമുക്ക് ഒരു ഓള്‍ റൗണ്ടറില്ല'- ചോപ്ര പറഞ്ഞു.
കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ മാത്രമേ ശാര്‍ദുല്‍ തന്‍റെ ബാറ്റിങ് മികവ് കാണിച്ചിട്ടുള്ളൂവെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ശാര്‍ദുലിന് ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാനാവില്ലെന്നും ജഡേജയെ ആറാം നമ്പറില്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ ഏഴാം സ്ഥാനം താരത്തെ സംബന്ധിച്ച് ഉയര്‍ന്നതാണെന്നും ചോപ്ര പറഞ്ഞു.
also read: 'അവന്‍ മിന്നിയാല്‍ പാകിസ്ഥാനെതിരായ മത്സരം ഏകപക്ഷീയമാകും'; ഇന്ത്യന്‍ താരത്തെ ചൂണ്ടി സെവാഗ്
ശാര്‍ദുല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടുന്നത് മാത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളതെന്നും ഇക്കാരണത്താല്‍ ഹാര്‍ദിക് കളിക്കുമെന്ന് ഉറപ്പാണെന്നും ചോപ്ര വ്യക്തമാക്കി. അതേസമയം ഹാര്‍ദിക് ഫോമിലാണെങ്കില്‍ മത്സരം ഏകപക്ഷീയമായി വിജയിപ്പിക്കാന്‍ താരത്തിനാവുമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗും നേരത്തെ പ്രതികരിച്ചിരുന്നു.