ദുബായ്:ഏഷ്യ കപ്പില്‍ കിരീടം ഉയര്‍ത്തുന്നത് ആരെന്ന് പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍. ടൂര്‍ണമെന്‍റില്‍ ഇന്ത്യ കിരീടം നേടുമെന്നാണ് വാട്‌സന്‍റെ പ്രവചനം. ഓഗസ്‌റ്റ് 27 ന് ഏഷ്യ കപ്പ് ആരംഭിക്കാനിരിക്കെയാണ് വാട്‌സണ്‍ കിരീട സാധ്യതയുള്ള ടീമിനെ പ്രവചിച്ചത്.
ഏഷ്യ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയെ തകര്‍ക്കാന്‍ കഴിയുമെന്ന പാകിസ്ഥാന്‍റെ ആത്മവിശ്വാസമാണ് ആ മത്സരത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നത്. ആ മത്സരം വിജയിക്കുന്ന ടീം ഏഷ്യ കപ്പ് ഉയര്‍ത്താനാണ് സാധ്യത.
എങ്കിലും ഇന്ത്യയാണ് കിരീടം സ്വന്തമാക്കുക എന്നാണ് ഞാന്‍ കരുതുന്നത്. മികച്ച ബാറ്റിങ് നിരയുമായാണ് ഇന്ത്യ ടൂര്‍ണമെന്‍റിന് എത്തുന്നത്. പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരായ മത്സരം എളുപ്പമായിരിക്കില്ലെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 27ന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ദുബായിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേരെത്തുന്നത്. ടൂര്‍ണമെന്‍റിനായി ദുബായിലെത്തിയ ടീമുകള്‍ പരിശീലനത്തിലാണ്..
ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയാണ് ടീമിന് നേതൃത്വം നല്‍കുന്നത്. കൊവിഡ് മൂലം പിൻമാറിയ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മണാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത്.