ഇതിഹാസ താരങ്ങളായ ഷെയ്ന്‍ വോണിന്‍റേയും റോഡ് മാര്‍ഷിന്‍റേയും വിയോഗത്തിന്‍റെ നടുക്കത്തില്‍ നിന്നും മോചിതരാവുന്നതിനിടെയാണ് സൈമണ്ട്‌സിന്‍റെ അപടക മരണം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വീണ്ടും ആഘാതമാവുന്നത്.
രണ്ട് മാസം മുന്‍പ് മാര്‍ച്ച് നാലിനായിരുന്നു റോഡ് മാര്‍ഷിന്‍റേയും ഷെയ്‌ന്‍ വോണിന്‍റേയും വിയോഗം. ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിലാണ് റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് മരണത്തിന് കീഴടങ്ങിയത്.
ഇപ്പോഴിതാ മൂവരുടെയും മരണത്തില്‍ ഹൃദയഭേദകമായ ഒരു യാദൃശ്ചികത ചൂണ്ടിക്കാട്ടുകയാണ് ആരാധക ലോകം. മരണത്തിന് കീഴടങ്ങും മുമ്പ് വോണിന്‍റെ അവസാന ട്വീറ്റ് മാര്‍ഷിനെക്കുറിച്ചായിരുന്നു. സൈമണ്ട്‌സിന്‍റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റാവട്ടെ വോണിനെക്കുറിച്ചും.
"ഞെട്ടിപ്പിക്കുന്നത്, ഇതെല്ലാം ഒരു മോശം സ്വപ്നമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇനിയൊരിക്കലും നിങ്ങളെ കാണാന്‍ എനിക്ക് കഴിയില്ല. വോണിന്‍റെ കുടുംബത്തോട് സ്‌നേഹം. എനിക്ക് വാക്കുകളില്ല" - ഇങ്ങനെയാണ് സൈമണ്ട്സ് കഴിഞ്ഞ മാര്‍ച്ചില്‍ ഇൻസ്റ്റഗ്രാമിൽ അവസാനമായി കുറിച്ചത്.
ഇതിന് സമാനമായി റോഡ് മാർഷിന്‍റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു വോണിന്‍റെ അവസാന ട്വീറ്റ്. ഇക്കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സൈമണ്ട്‌സിന്‍റെ അപ്രതീക്ഷിത മരണത്തില്‍ നടുക്കം രേഖപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
also read: 'സിമ്മോ.. ഇത് വിശ്വസിക്കാനാവുന്നില്ല, വല്ലാതെ വേദനിപ്പിക്കുന്നു'; സൈമണ്ട്‌സിന്‍റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍
മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായിരുന്ന ആദം ഗിൽക്രിസ്റ്റ്, ജേസൺ ഗില്ലസ്‌പി, ഡാമിയൻ ഫ്ലെമിംഗ് എന്നിവര്‍ക്ക് പുറമെ മുന്‍ അന്താരാഷ്‌ട്ര താരങ്ങളായിരുന്ന വിവിഎസ് ലക്ഷ്‌മണ്‍, ഷോയിബ് അക്തര്‍, മൈക്കല്‍ വോണ്‍, സ്റ്റീഫൻ ഫ്ലെമിങ് വോണ്‍ തുടങ്ങി നിരവധി പേര്‍ പ്രമുഖരാണ് താരത്തിന്‍റെ വിയോഗത്തില്‍ അനുശോചിച്ചത്.