സിഡ്‌നി :ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് ആദരവുമായി പാകിസ്ഥാന്‍ ടീം. താരങ്ങള്‍ ഒപ്പിട്ട സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന്‍റെ ജഴ്‌സി കൈമാറിയാണ് പാകിസ്ഥാന്‍ ടീം വാര്‍ണറിന് ആദരവ് അര്‍പ്പിച്ചത്. സിഡ്‌നിയിലെ ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് പാക് നായകന്‍ ഷാന്‍ മസൂദ് ഡേവിഡ് വാര്‍ണര്‍ക്ക് ജഴ്‌സി സമ്മാനിച്ചത് (Shan Masood Gifts Babar Azam's Jersey To David Warner).
സിഡ്‌നിയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിന്‍റെ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ഇതിന്, പിന്നാലെ നടന്ന പോസ്റ്റ് മാച്ച് പ്രസന്‍റേഷന്‍ ചടങ്ങിനിടെയായിരുന്നു പാകിസ്ഥാന്‍ ടീമിന്‍റെ സമ്മാനം വാര്‍ണറിന് കൈമാറിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണറെ വേദിയിലേക്ക് വിളിച്ചാണ് പാക് നായകന്‍ ജഴ്‌സി കൈമാറിയത്.
അതേസമയം, വിടവാങ്ങല്‍ ടെസ്റ്റിലെ അവസാന ഇന്നിങ്‌സ് അര്‍ധസെഞ്ച്വറിയടിച്ച് അവിസ്‌മരണീയമാക്കാന്‍ ഡേവിഡ് വാര്‍ണറിന് സാധിച്ചിരുന്നു. മത്സരത്തില്‍ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിനായി 75 പന്തില്‍ നിന്നും 57 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്. പുറത്താകലിന് പിന്നാലെ കയ്യടികളോടെയായിരുന്നു സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടായിരുന്ന ആരാധകര്‍ വാര്‍ണറെ യാത്രയാക്കിയത്.
മത്സരശേഷം, വൈകാരികമായിട്ടായിരുന്നു വാര്‍ണര്‍ സംസാരിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനൊപ്പം സ്വപ്‌ന തുല്യമായ ഒരു യാത്രയുടെ ഭാഗമായിരുന്നു താന്‍. നിരവധി നേട്ടങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടീമിനൊപ്പം സ്വന്തമാക്കാന്‍ സാധിച്ചു.