ധാക്ക :ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തന്‍റെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് കഴിഞ്ഞിരുന്നില്ല. ഓള്‍ റൗണ്ടറായ ഷാക്കിബിന്‍റെ ബാറ്റിങ്ങിലും ബോളിങ്ങിലും ടീമിന് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പരിക്ക് കാരണം താരത്തിന് പുറത്തിരിക്കേണ്ടിയും വന്നു.
ഇപ്പോഴിതാ ലോകകപ്പ് സമയത്തെ തന്‍റെ കാഴ്‌ചയെക്കുറിച്ച് വമ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് 36-കാരന്‍. മങ്ങിയ കാഴ്‌ചയുമായാണ് താന്‍ ലോകകപ്പില്‍ കളിച്ചതെന്നാണ് ഷാക്കിബ് അല്‍ ഹസന്‍ പറയുന്നത്. ഇടത് കണ്ണിന്‍റെ ഒരു വശത്ത് കാഴ്ച മങ്ങിയതിനാൽ സമ്മർദം കുറയ്ക്കാൻ ഡോക്‌ടർമാര്‍ ഉപദേശിച്ചതായും ഷാക്കിബ് പറഞ്ഞു. (Shakib Al Hasan played in the Cricket World Cup 2023 with blurred vision).
"ബാറ്റ് ചെയ്യുമ്പോള്‍ പന്ത് നേരിടുന്നതിൽ തനിക്ക് വലിയ അസ്വസ്ഥതയുണ്ടായിരുന്നു. ലോകകപ്പിലെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ അല്ല, ടൂര്‍ണമെന്‍റിലുടനീളം കാഴ്‌ചയ്‌ക്ക് പ്രശ്‌നമുണ്ടായിരുന്നു. ഡോക്‌ടറെ സമീപിച്ചപ്പോൾ കോർണിയയിലോ റെറ്റിനയിലോ വെള്ളമുണ്ടെന്നാണ് അവര്‍ പറഞ്ഞത്.
തുള്ളി മരുന്ന് നല്‍കുകയും സമ്മർദം കുറയ്ക്കണമെന്ന് പറയുകയും ചെയ്‌തു. സമ്മര്‍ദമാണോ ഇതിന്‍റെ കാരണമെന്ന് എനിക്ക് ഉറപ്പില്ല. കാരണം ഞാന്‍ അമേരിക്കയില്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് പോകുന്ന സമയത്ത് തീരെ സമ്മര്‍ദമില്ലായിരുന്നു. ലോകകപ്പ് കഴിഞ്ഞതിനാല്‍ എനിക്ക് സമ്മര്‍ദമില്ലെന്ന് ഞാന്‍ ഡോക്‌ടറോട് പറയുകയും ചെയ്‌തു"- ഷാക്കിബ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോട് വെളിപ്പെടുത്തി.