ഇസ്ലാമാബാദ്: അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ടീമിന്‍റെ ഓള്‍ഫോര്‍മാറ്റ് നായക സ്ഥാനത്ത് നിന്നും ബാബര്‍ അസം പടിയിറങ്ങിയിരുന്നു. ബാബറിന്‍റെ പിന്‍ഗാമിയായി ടി20 ടീമിന്‍റെ നേതൃത്വത്തിലേക്ക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റനും ഷഹീന്‍ ഷാ അഫ്രീദിയുടെ ഭാര്യ പിതാവുമായ ഷാഹിദ് അഫ്രീദി നടത്തിയ പ്രതികരണം നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഷഹീന്‍ പാകിസ്ഥാന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റനായത് അബദ്ധത്തിലാണെന്നാണ് ഷാഹിദ് അഫ്രീദി പറഞ്ഞിരിക്കുന്നത്. (Shahid Afridi on Shaheen Shah Afridi's T20I captaincy) ഒരു സ്വകാര്യ പരിപാടിക്കിടെ ഷഹീന്‍ അഫ്രിദിയേയും പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് റിസ്‌വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഹാരിസ് റൗഫ് എന്നിവരെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു 46-കാരന്‍റെ വാക്കുകള്‍. ഷഹീന്‍ ഷായ്‌ക്ക് പകരം ടി20 ടീമിന്‍റെ നായകനാവേണ്ടിയിരുന്നത് മുഹമ്മദ് റിസ്‌വാനായിരുന്നുവെന്നും ഷാഹിദ് പറഞ്ഞു. (Shahid Afridi wants Mohammad Rizwan as Pakistan T20I captain)
"മുഹമ്മദ് റിസ്‌വാന്‍റെ കഠിനാധ്വാനത്തിനേയും സമര്‍പ്പണത്തെയും ഞാന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. അവനില്‍ ഞാൻ ഇഷ്‌ടപ്പെടുന്ന ഏറ്റവും മികച്ച ഗുണം, എല്ലായെപ്പോഴും തന്‍റെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. മറ്റുള്ളവര്‍ എന്തു ചെയ്യുന്നു, അല്ലെങ്കില്‍ എന്തു ചെയ്യുന്നില്ല എന്ന് അവന്‍ നോക്കാറേയില്ല.
പാകിസ്ഥാന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റനായി ബാബറിന്‍റെ പിന്‍ഗാമിയായി അവനെത്തുന്നതിനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഷഹീൻ അബദ്ധത്തിൽ ക്യാപ്റ്റൻ ആയി" - ഷാഹിദ് അഫ്രീദി തമാശരൂപേണ പറഞ്ഞു.