ദോഹ: ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേരെത്തുമ്പോഴെല്ലാം ക്രിക്കറ്റ് ലോകത്ത് ചൂടേറാറുണ്ട്. എന്നാല്‍ ഏറെക്കാലങ്ങളായി ഇരു ടീമുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാറില്ല. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ അസ്വാരസ്യങ്ങളാണ് ഇതിന് കാരണം.
ഇപ്പോഴിതാ ഇരു രാജ്യങ്ങൾക്കുമിടയില്‍ ക്രിക്കറ്റ് നടക്കട്ടെ എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ദോഹയിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ (എൽഎൽസി) വേദിയിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
"ഇരു രാജ്യങ്ങൾക്കുമിടയിൽ ക്രിക്കറ്റ് നടക്കാൻ അനുവദിക്കണമെന്ന് ഞാൻ മോദി സാഹബിനോട് അഭ്യർഥിക്കും" 46കാരനായ ഷാഹിദ് അഫ്രീദി പറഞ്ഞു. ഈ വര്‍ഷത്തെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അഫ്രീദിയുടെ വാക്കുകള്‍. പാകിസ്ഥാനെയാണ് ഏഷ്യ കപ്പിന്‍റെ വേദിയായി നേരത്തെ തെരഞ്ഞെടുത്തത്. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്‌ക്കില്ലെന്നാണ് ബിസിസിഐ നിലപാട്.
ബിസിസിഐ വളരെ ശക്തമായ ഒരു ബോർഡാണ്. ശത്രുക്കളെ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും പകരം 'സുഹൃത്തുക്കളെ' ഉണ്ടാക്കുന്നതിൽ ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഫ്രീദി പറഞ്ഞു. "ഒരാളുമായി സൗഹൃദം സ്ഥാപിക്കാൻ നമ്മള്‍ ആഗ്രഹിക്കുകയും എന്നാല്‍ അയാള്‍ നമ്മളോട് സംസാരിക്കാതെ ഇരിക്കുകയും ചെയ്‌താല്‍, നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക.
ബിസിസിഐ ശക്തമായ ഒരു ബോര്‍ഡാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ നിങ്ങൾ ശക്തനാകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഉത്തരവാദിത്തവും കൂടുതലാണ്. നിങ്ങള്‍ ശത്രുക്കളെയല്ല, സുഹൃത്തുക്കളെയാണ് ഉണ്ടാക്കേണ്ടത്. കൂടുതല്‍ സുഹൃത്തുക്കളുണ്ടാവുമ്പോള്‍ ഇനിയുമേറെ ശക്തരാവും". ഷാഹിദ് അഫ്രീദി വ്യക്തമാക്കി.