കേരളം

kerala

ETV Bharat / sports

Eng vs Pak: ബാബര്‍-റിസ്‌വാന്‍ വിമര്‍ശകരെ കീന്‍ ബൗള്‍ഡാക്കി ഷഹീന്‍ ഷാ അഫ്രീദി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ മിന്നും പ്രകടനത്തിന് പാക് ഓപ്പണര്‍മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെ അഭിനന്ദിച്ച് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി.

Eng vs Pak  Shaheen Afridi  Shaheen Afridi Twitter  Babar Azam  Mohammad Rizwan  ഷൊയ്‌ബ് അക്തര്‍  shoaib akhtar  Aqib Javed  Wasim Akram  വസീം അക്രം  ഷഹീന്‍ ഷാ അഫ്രീദി  ബാബര്‍ അസം  മുഹമ്മദ് റിസ്‌വാന്‍
Eng vs Pak: ബാബര്‍-റിസ്‌വാന്‍ വിമര്‍ശകരെ കീന്‍ ബൗള്‍ഡാക്കി ഷഹീന്‍ ഷാ അഫ്രീദി

By

Published : Sep 23, 2022, 2:15 PM IST

കറാച്ചി: ഏറെ നാളായുള്ള വിമര്‍ശനങ്ങള്‍ക്കാണ് പാക് ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ പ്രകടനത്തിലൂടെ മറുപടി നല്‍കിയത്. ഓപ്പണിങ് വിക്കറ്റിലെ ഇരുവരുടേയും മെല്ലെപ്പോക്ക് പാകിസ്ഥാന് തിരിച്ചടിയാവുമെന്നാണ് പലരും വിമര്‍ശിച്ചിരുന്നത്. മുന്‍ താരങ്ങളായ ഷൊയ്‌ബ് അക്തര്‍, ആഖിബ് ജാവേദ്, വസീം അക്രം, വഖാര്‍ യൂനിസ് തുടങ്ങിയവരെല്ലാം വിമര്‍ശകരുടെ പട്ടികയിലുണ്ടായിരുന്നു.

ആദ്യ ടി20യില്‍ പാക് ടീം തോറ്റതോടെ വിമര്‍ശനങ്ങള്‍ക്ക് കടുപ്പമേറുകയും ചെയ്‌തു. രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് 200 റണ്‍സിന്‍റെ വമ്പന്‍ ലക്ഷ്യമുയര്‍ത്തിയിട്ടും 10 വിക്കറ്റിന്‍റെ മിന്നും ജയമാണ് ബാബറും റിസ്‌വാനും ചേര്‍ന്ന് പാകിസ്ഥാന് സമ്മാനിച്ചത്. ബാബര്‍ 66 പന്തില്‍ 110 റണ്‍സും മുഹമ്മദ് റിസ്‌വാന്‍ 51 പന്തില്‍ 88 റണ്‍സുമാണ് നേടിയത്.

ഇതിന് പിന്നാലെ ഇരുവരേയും അഭിനന്ദിച്ചും വിമര്‍ശകരെ ട്രോളിയും രംഗത്ത് എത്തിയിരിക്കുകയാണ് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ട്വിറ്ററിലൂടെയാണ് ഷഹീന്‍റെ പ്രതികരണം.

"ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനെയും മാറ്റാനുള്ള സമയമായി. എന്തൊരു സ്വാര്‍ഥരാണ് ഇവര്‍. മര്യാദക്ക് കളിച്ചിരുന്നെങ്കില്‍ 15 ഓവറിലെങ്കിലും തീര്‍ക്കേണ്ട കളിയാണ് അവസാന ഓവര്‍ വരെ നീട്ടിയത്" എന്നാണ് ഷഹീന്‍ ട്വീറ്റ് ചെയ്‌തത്. ഈ പാക് ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ടി20യില്‍ ഇതാദ്യമായാണ് ഒരു ടീം വിക്കറ്റ് നഷ്‌ടമില്ലാതെ 200 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. വിജയത്തോടെ ഏഴ് മത്സര ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ 1-1ന് ഇംഗ്ലണ്ടിനൊപ്പമെത്തി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

also read: Eng vs Pak: രോഹിത്-ധവാന്‍ സഖ്യത്തിന്‍റെ റെക്കോഡ് പൊളിഞ്ഞു, ഈ നേട്ടത്തിന് ബാബറും റിസ്‌വാനും പുതിയ അവകാശികള്‍

ABOUT THE AUTHOR

...view details