മുംബൈ:ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ പഠാന്‍ വമ്പന്‍ കുതിപ്പാണ് ബോക്‌സോഫിസില്‍ നടത്തുന്നത്. ഇതിനകം തന്നെ നിരവധി റെക്കോഡുകള്‍ കിങ് ഖാന്‍ ചിത്രം തകര്‍ത്തു കഴിഞ്ഞു. പഠാന്‍റെ റിലീസിന് മുന്നോടിയായി പുറത്തെത്തിയ ഗാനങ്ങൾ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
ചിത്രത്തിലെ "ജൂമേ ജോ പഠാൻ" എന്ന ഗാനത്തിന് ഇന്ത്യന്‍ താരങ്ങള്‍ ചുവടുവയ്‌ക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്‌പൂര്‍ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ വിരാട് കോലിയും രവീന്ദ്ര ജഡേജയുമായിരുന്നു ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നുകേട്ട പാട്ടിനൊപ്പം ചുവടുവച്ചത്. ഇപ്പോഴിതാ ഇരുതാരങ്ങളുടെയും നൃത്തത്തെ അഭിനന്ദിച്ച് സാക്ഷാല്‍ കിങ് ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇരു താരങ്ങളും തന്നേക്കാള്‍ നന്നായി നൃത്തം ചെയ്‌തുവെന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. വിരാടിൽ നിന്നും ജഡേജയിൽ നിന്നും അതു പഠിക്കേണ്ടതുണ്ടെന്നും താരം കുറിച്ചു. അതേസമയം നാഗ്‌പൂരില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്.