ബ്രിസ്റ്റോള്‍ : ഇന്ത്യയ്ക്കായി ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി ബാറ്റിങ് സെന്‍സേഷന്‍ ഷഫാലി ഷഫാലി വർമ. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ ഇടം കണ്ടെത്തിയതോടെയാണ് ഷഫാലി പ്രസ്തുത നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിനിറങ്ങുമ്പോള്‍ 17 വര്‍ഷവും 161 ദിവസമായിരുന്നു ഷഫാലിയുടെ പ്രായം. 11 ദിവസങ്ങള്‍ക്ക് മുമ്പ് 17 വര്‍ഷവും 150 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരം ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം 2019 സെപ്റ്റംബറില്‍ 15 വയസും 239 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
പ്രായം കുറഞ്ഞ അഞ്ചാമത്തെ താരം
അതേസമയം അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റിന്‍റെ ഏല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ താരവും, മൂന്നാമത്തെ വനിത താരവുമാണ് ഷഫാലി. 17 വര്‍ഷവും 78 ദിവസവും പ്രായമുള്ളപ്പോള്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തിയ അഫ്‌ഗാനിസ്ഥാന്‍റെ മുജീബ് ഉർ റഹ്മാനാണ് പട്ടികയില്‍ മുന്‍പിലുള്ളത്.
also read: ആര്‍ച്ചറി ലോകകപ്പ് : സ്വര്‍ണത്തില്‍ മുത്തമിട്ട് ദീപികയും അതാനുവും
ഇംഗ്ലണ്ട് വനിത ടീം മുൻ വിക്കറ്റ് കീപ്പർ സാറ ടെയ്‌ലര്‍, ഓസ്‌ട്രേലിയയുടെ വനിത ഓൾറൗണ്ടർ എല്ലിസ് പെറി, പാകിസ്ഥാൻെറ മുഹമ്മദ് അമീര്‍ എന്നിവരാണ് യഥാക്രമം പട്ടികയില്‍ ഷഫാലിക്ക് മുന്നിലുള്ളത്.
അതേസമയം മത്സരത്തില്‍ 14 പന്തില്‍ 15 റണ്ണാണ് ഷഫാലിക്ക് കണ്ടെത്താനായത്. മത്സരത്തിനിറങ്ങും മുമ്പ് ഏകദിന ക്യാപ്റ്റന്‍ മിതാലി രാജാണ് താരത്തിന് തൊപ്പി നല്‍കിയത്.