ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാതിവഴി പിന്നിട്ടിരിക്കുകയാണ്. ടൂർണമെന്‍റിൽ മാറ്റുരയ്‌ക്കുന്ന 10 ടീമുകളും ആറ് മത്സരങ്ങൾ പൂർത്തിയാക്കി. ഇനി അവസാന നാലിൽ ഇടമുറപ്പിക്കാനുള്ള പോരാട്ടങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുക. കളിച്ച ഏഴ് മത്സരങ്ങളിൽ ആറെണ്ണവും തോറ്റ ബംഗ്ലാദേശിന്‍റെ സെമി പ്രവേശനം ഏറെക്കുറെ അസ്‌തമിച്ച മട്ടാണ്. ആറെണ്ണത്തിൽ അഞ്ചിലും തോറ്റ ഇംഗ്ലണ്ടിന്‍റെ സ്ഥിതിയും വ്യത്യസ്‌തമല്ല.
കളിച്ച ആറ് മത്സരത്തിലും വിജയം നേടിയ ഇന്ത്യയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആറ് കളികളിൽ അഞ്ചെണ്ണം ജയിച്ച ദക്ഷിണാഫ്രിക്കയും നാലെണ്ണത്തിൽ ജയം നേടിയ ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു ടീമും സെമി ഫൈനൽ ഉറപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ടീമുകളുടെ സെമി സാധ്യത എങ്ങനെയെന്ന് പരിശോധിക്കാം..
ഇന്ത്യ :നിലവിൽ 12 പോയിന്‍റുള്ള ഇന്ത്യക്ക് ലോകകപ്പിൽ സെമി ബർത്ത് ഉറപ്പിക്കാൻ ഒരു പോയിന്‍റ് മാത്രം മതി. അതായത് ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയമോ സമനിലയോ നേടിയാൽ മുൻചാമ്പ്യൻമാരായ ഇന്ത്യക്ക് അവസാന നാലിൽ ഇടം ഉറപ്പിക്കാം. നിലവിൽ ആദ്യ നാലിന് പുറത്തുള്ള ടീമുകൾക്ക് എല്ലാം മത്സരവും ജയിക്കാനായാൽ പരാമാവധി 12 പോയിന്‍റ് മാത്രമേ നേടാനാകൂ.
നാളെ (നവംബർ 2) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ അഞ്ചിന് ദക്ഷിണാഫ്രിക്കയും, നവംബർ 12 ന് നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് നെതർലൻഡ്‌സിനെ നേരിടും. മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാലും അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ തോൽവി ഇന്ത്യയുടെ സെമി ബർത്ത് ഉറപ്പിക്കും.
ദക്ഷിണാഫ്രിക്ക : ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് സെമിയിൽ കടക്കാൻ മൂന്ന് പോയിന്‍റ് കൂടി വേണം. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ ന്യൂസിലൻഡ്, ഇന്ത്യ, അട്ടിമറി വീരൻമാരായ അഫ്‌ഗാനിസ്ഥാൻ എന്നിവരെയാണ് പ്രോട്ടീസിന് നേരിടാനുള്ളത്. ഇതിൽ രണ്ട് മത്സരങ്ങളിൽ ജയം നേടാനായാൽ കണക്കുകളെ ആശ്രയിക്കാതെ സെമിയിലേക്ക് കുതിക്കാം.
മറിച്ചാണ് ഫലമെങ്കിൽ ആദ്യ ലോകകപ്പ് എന്ന സ്വപ്‌നത്തിലേക്ക് അടുക്കാൻ കാത്തിരിക്കേണ്ടി വരും. ഒരു മത്സരത്തിൽ ജയം നേടാനായാൽ പോയിന്റ് ടേബിളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ടീമുകളുടെ മത്സരഫലത്തെയും ആശ്രയിക്കേണ്ടിവരും.
ന്യൂസിലൻഡ്:തുടർച്ചയായ നാല് വിജയങ്ങളുമായി കുതിച്ച കിവീസ് ആദ്യം ഇന്ത്യയോടും തൊട്ടടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയയോടും തോറ്റു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് വിജയമെങ്കിലും നേടിയാൽ മാത്രമെ ബ്ലാക് ക്യാപ്‌സിന് അവസാന നാലിൽ ഇടം ലഭിക്കൂ. ഒരു തോൽവി നേരിട്ടാൽ ലോകകപ്പിൽ ടീമിന്‍റെ ഭാവി സങ്കീർണമാക്കിയേക്കും.
ഇന്ന് പൂനെയിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. പ്രോട്ടീസിനെതിരെ ജയിക്കാനായാൽ ന്യൂസിലൻഡിന് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യത കൂടുതൽ സജീവമാക്കാം. ഒപ്പം പോയിന്‍റ് കണക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒപ്പമെത്താനും കഴിയും.
ഓസ്ട്രേലിയ: അയൽക്കാരായ ന്യൂസിലൻഡിന് തൊട്ടുതാഴെ നാലാമതാണ് ഓസ്ട്രേലിയയുടെ സ്ഥാനം. കിവീസിനെപ്പോലെ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലങ്കിലും അനുകൂല ഫലം നേടാനായാൽ മാത്രമെ പാറ്റ് കമ്മിൻസിനും കൂട്ടർക്കും സെമി ബർത്ത് ഉറപ്പാക്കാൻ കഴിയൂ.
ആദ്യ രണ്ട് മത്സങ്ങളിലെ തോൽവിക്ക് പിന്നാലെ നെതർലൻഡ്‌സിനെതിരെ 309 റൺസിന്‍റെ റെക്കോഡ് ജയത്തോടെയാണ് ഓസീസ് പ്രതീക്ഷകൾ സജീവമായത്. ഇതോടെ നെറ്റ് റൺറേറ്റിൽ വൻകുതിപ്പാണ് ഓസ്ട്രേലിയ നേടിയത്. തുടർന്നുള്ള നാല് മത്സരങ്ങളിൽ പരാജയമറിയാതെയാണ് കംഗാരുപ്പടയുടെ കുതിപ്പ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് അടുത്ത മത്സരത്തിലെ എതിരാളികൾ.