ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ തുടർ തോൽവികളുമായി നട്ടം തിരിയുന്ന ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരങ്ങളായ വീരേന്ദർ സെവാഗും, വെങ്കിടേഷ് പ്രസാദും. ഇന്ത്യയുടെ കാലഹരണപ്പെട്ട സമീപനങ്ങൾ മാറണമെന്നും ഇന്ത്യൻ ടീം ഉണരണമെന്നും താരങ്ങൾ അഭ്യർഥിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ പരമ്പര ഇതിനകം കൈവിട്ടു കഴിഞ്ഞു.
'ഞങ്ങളുടെ പ്രകടനം ക്രിപ്‌റ്റോയെക്കാൾ വേഗത്തിൽ താഴേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഉണരേണ്ടതുണ്ട്', സെവാഗ് ട്വിറ്ററിൽ കുറിച്ചു. നേരത്തെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ 1-0ന് തോൽവി വഴങ്ങിയിരുന്നു. മഴ കളിച്ച മത്സരത്തിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചപ്പോൾ ഒരു മത്സരത്തിൽ ന്യൂസിലൻഡ് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി.
അതേസമയം ഇന്ത്യൻ ക്രിക്കറ്റിന്‍റെ തീരുമാനങ്ങൾ കാലഹരണപ്പെട്ടുവെന്നായിരുന്നു വെങ്കിടേഷ് പ്രസാദിന്‍റെ ആരോപണം. 'ലോകമെമ്പാടുമുള്ള നിരവധി മേഖലകളിൽ ഇന്ത്യ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് കളിക്കുമ്പോൾ ഇന്ത്യയുടെ സമീപനത്തിന് ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. 2015 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം ശക്‌തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് ടീം നടത്തിയത്.
ALSO READ:'ഇന്ത്യയുടേത് മൂന്നാംകിട ബോളിങ്'; തോൽവിക്ക് പിന്നാലെ വിമർശനവുമായി മുൻ പാക് താരം
ഇംഗ്ലണ്ടിനെപ്പോലെ ഇന്ത്യയുടെ സമീപനങ്ങളും അടിമുടി മാറ്റേണ്ടതുണ്ട്. ഐപിഎൽ ആരംഭിച്ചതിന് ശേഷം ഒരു ടി20 ലോകകപ്പ് പോലും ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഏകദിനത്തിൽ വളരെ മോശം പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. തെറ്റുകളിൽ നിന്ന് ഒന്നും തന്നെ പഠിക്കാൻ ടീമിന് സാധിച്ചിട്ടില്ല. മാറ്റം അനിവാര്യമാണ്', വെങ്കിടേഷ് പ്രസാദ് വ്യക്‌തമാക്കി.