കേപ്‌ടൗണ്‍: സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം മൂന്നാമത്തെ കളി പിടിച്ച് വമ്പന്‍ തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക നടത്തിയത് (SA vs AUS 3rd ODI). സെന്‍വെസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 111 റണ്‍സിനായിരുന്നു അതിഥേയര്‍ ഓസീസിനെ തകര്‍ത്ത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.
എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ (Aiden Markram) അപരാജിത സെഞ്ചുറിയും (74 പന്തുകളില്‍ 102) ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് Quinton de Kock (77 പന്തുകളില്‍ നിന്ന് 82), ക്യാപ്റ്റന്‍ ടെംബ ബവുമ Temba Bavuma (62 പന്തുകളില്‍ 57) എന്നിവർ നേടിയ അര്‍ധ സെഞ്ചുറികളുമാണ് ടീമിനെ മികച്ച നിലയിലേക്ക് നയിച്ചത്. റീസ ഹെന്‍ഡ്രിക്‌സ് (45 പന്തുകളില്‍ 39), മാര്‍ക്കോ ജാന്‍സന്‍ Marco Jansen (16 പന്തില്‍ 32) എന്നിവരും തിളങ്ങി. മിന്നും തുടക്കത്തിന് ശേഷം ഹെന്‍റ്രിച്ച് ക്ലാസന്‍ (2 പന്തുകളില്‍ 0), ഡേവിഡ് മില്ലര്‍ (17 പന്തുകളില്‍ 8) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നത് ടീമിനെ പ്രതിരോധത്തിലാക്കേണ്ടതായിരുന്നു.
എന്നാല്‍ ഓസീസ് ബോളര്‍മാരെ പഞ്ഞിക്കിട്ട് ക്ഷീണം തീര്‍ത്തത് ഏഴാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ എത്തിയ മാര്‍ക്കോ ജാന്‍സനാണ്. നാല് ബൗണ്ടറികളും ഒരു സിക്‌സുമായി കത്തിക്കയറിയ താരത്തെ ഒടുവില്‍ ഒരു പറക്കും ക്യാച്ചിലൂടെ പിടിച്ച് കെട്ടിയത് സീന്‍ അബോട്ടാണ് (Sean Abbott). ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണിതെന്നാണ് ആരാധകര്‍ പറയുന്നത്.