ഹൈദരാബാദ്: അധികം വൈകാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായി ഹാര്‍ദിക് പാണ്ഡ്യ മാറുമെന്ന് ന്യൂസിലന്‍ഡ് മുൻ താരവും കമന്‍റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ്. ഏഷ്യ കപ്പില്‍ അല്ലെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്‌ടനായി ഹാര്‍ദിക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സ്‌റ്റൈറിസിന്‍റെ പ്രവചനം. ഇന്നത്തെ തലമുറയ്‌ക്ക് വേണ്ട നേതൃത്വ മികവാണ് ഹര്‍ദിക്കിനുള്ളതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സ്‌റ്റൈറിസ് പറഞ്ഞു.
ആറ് മാസം മുമ്പ് ഹര്‍ദിക് പാണ്ഡ്യ എന്ന താരത്തിന്‍റെ പേര് പോലും ടീമിലേക്ക് ചര്‍ച്ച ചെയ്‌തിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ടീമിന് അഭിവാജ്യ ഘടകമാണ്. ഫുട്ബോളില്‍ ക്യാപ്ടന്‍റെ ആം ബാന്‍ഡ് ധരിക്കുന്ന കളിക്കാരന്‍റെ മനോഭാവവും ശരീരഭാഷയുമെല്ലാം വേറൊരു തലത്തിലേക്ക് ഉയരുന്നതിന് സമാനമായാണ് ഹാര്‍ദിക്കിലും മാറ്റങ്ങള്‍ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പാണ്ഡ്യയുടെ റോള്‍ എന്തുമാകട്ടെ. അതികം വൈകാതെ തന്നെ അയാള്‍ക്ക് ഇന്ത്യന്‍ നായകനാകാന്‍ കഴിയുന്നതെന്നുമാണ് താന്‍ കരുതുന്നതെന്ന് സ്‌റ്റൈറിസ് വ്യക്തമാക്കി. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്‌ടന്‍സിക്ക് കീഴീല്‍ കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ ഇതുവരെ വിജയിച്ചിട്ടുണ്ട്.
വെസ്‌റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. മത്സരശേഷം തുടര്‍ന്ന് ക്യാപ്‌ടനായി കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ടില്ല എന്ന മറുപടിയാണ് താരം നല്‍കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ ഐപിഎല്‍ സീസണില്‍ കിരീടത്തിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ഭാവി ക്യാപ്‌ടന്‍മാരുടെ സ്ഥാനത്തേക്ക് ഹാര്‍ദിക്കിന്‍റെ പേരും ഉയര്‍ന്ന് വന്നത്.
അയര്‍ലന്‍ഡിലും, വിന്‍ഡീസിലും ഇന്ത്യയെ നയിച്ച ഹാര്‍ദിക് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. കെ.എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്‌ടനായ ഹാര്‍ദികിന് രാഹുല്‍ തിരിച്ചെത്തിയതോടെയാണ് ഏഷ്യാ കപ്പില്‍ ഉപനായക സ്ഥാനം നഷ്‌ടമായത്.