മുംബൈ: ഐപിഎൽ മിനി ലേലത്തില്‍ 16.25 കോടി രൂപ മുടക്കിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. ഇതോടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ എക്കാലത്തെയും വിലയേറിയ താരമായും സ്റ്റോക്‌സ് മാറി. ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ നയിക്കുന്ന സ്റ്റോക്‌സ് ചെന്നൈയുടെ ഭാവി നായകനാണെന്ന് പൊതുവെ വിലയിരുത്തലുണ്ട്.
എന്നാല്‍ വരുന്ന സീസണില്‍ തന്നെ സ്റ്റോക്‌സ് എംഎസ് ധോണിയിൽ നിന്നും ടീമിന്‍റെ ചുമതലയേറ്റെടുത്തേക്കുമെന്നാണ് ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്കോട്ട് സ്റ്റൈറിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ നായകനായി പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്‌സിന്‍റെ കാര്യത്തിലും ഇതാണ് സംഭവിക്കുകയെന്നും സ്കോട്ട് സ്റ്റൈറിസ് ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.
"ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റന്‍ ആകുമെന്നാണ് എനിക്ക് തോന്നുന്നത്. എംഎസ് ധോണി നായകസ്ഥാനം കൈമാറാൻ ശ്രമിക്കുന്നത് നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. ഐപിഎല്ലിനിടയിൽ അദ്ദേഹം സ്ഥിരമായി ക്രിക്കറ്റ് കളിക്കുന്നില്ല.