കാഠ്‌മണ്ഡു:പീഡനക്കേസ് പ്രതിയായ നേപ്പാള്‍ സ്‌പിന്നര്‍ സന്ദീപ് ലാമിച്ചാനെയ്‌ക്ക് കൈകൊടുക്കാതെ സ്കോട്ട്ലൻഡ് താരങ്ങള്‍. ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പരമ്പരയ്‌ക്കിടെയാണ് സംഭവം നടന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
റിച്ചി ബെറിങ്‌ടണിന്‍റെ നേതൃത്വത്തിലുള്ള സ്‌കോട്ട്‌ലൻഡ് കളിക്കാര്‍ മറ്റ് നേപ്പാള്‍ താരങ്ങള്‍ക്ക് കൈ കൊടുക്കുമ്പോള്‍ ലാമിച്ചാനെയെ അവഗണിക്കുന്നതാണ് വീഡിയോയിലുള്ളത്. മത്സരത്തിന് മുമ്പ് തന്നെ പ്രതിഷേധത്തെക്കുറിച്ച് ലാമിച്ചനെയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കളിക്കാര്‍ തമ്മില്‍ കൈകൊടുത്ത് പിരിയുന്ന സമയത്ത് സ്കോട്ടിഷ് കളിക്കാർക്ക് നേരെ 22കാരന്‍ കൈ നീട്ടിയിരുന്നില്ല.
ഈ പരമ്പരയുടെ ഭാഗമായ നമീബിയയുടെ താരങ്ങളും നേരത്തെ ലാമിച്ചാനെയ്‌ക്ക് കൈ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈ ജനുവരിയിൽ ജാമ്യം ലഭിച്ചതോടെയാണ് മുന്‍ നായകന്‍ കൂടിയായ സന്ദീപ് നേപ്പാള്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ലാമിച്ചാനെയുടെ സസ്പെൻഷൻ പിൻവലിച്ച നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ നടപടി രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.