ന്യൂഡല്‍ഹി:സാമ്പത്തിക തർക്കങ്ങളുടെ പേരില്‍ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലി ഗ്രൂപ്പിനെതിരെ മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ എംഎസ് ധോണി നല്‍കിയ കേസിലെ മധ്യസ്ഥ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തു. 2019 ഒക്‌ടോബറില്‍ ഡൽഹി ഹൈക്കോടതി മധ്യസ്ഥനായി നിയമിച്ചിരുന്ന മുൻ ജഡ്‌ജി വീണ ബീർബലിന്‍റെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്.
റാഞ്ചിയിലെ അമ്രപാലി സഫാരി പ്രൊജക്‌ടിന്‍റെ ഭാഗമായ പെന്‍റ് ഹൗസുകളിലൊന്ന് ബുക്ക് ചെയ്‌ത് ഡൗണ്‍ പെയ്‌മെന്‍റ് നടത്തിയ തനിക്ക് ഇത് ലഭിച്ചില്ലെന്നും, ബ്രാന്‍ഡ് അംബാസഡറായതിന് വാഗ്‌ദാനം ചെയ്‌തിരുന്ന 40 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കാണിച്ചാണ് ധോണി കോടതിയെ സമീപിച്ചിരുന്നത്.
2019 ഏപ്രിലിലാണ് കേസ് സുപ്രീം കോടതിയില്‍ എത്തുന്നത്. ഇതോടെ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഫോറന്‍സിക് ഓഡിറ്റര്‍മാരെ നിയമിച്ചിരുന്നു. ധോണിയുടെ പ്രമോട്ടര്‍മാരായ ഋതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്‍റുമായി അമ്രപാലി ഗ്രൂപ്പ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി സുപ്രീം കോടതി നിയോഗിച്ച ഫോറന്‍സിക് ഓഡിറ്റര്‍മാര്‍ അറിയിച്ചിട്ടുണ്ട്.