കൊൽക്കത്ത:രഞ്ജി ട്രോഫി കിരീടം സൗരാഷ്‌ട്രയ്ക്ക്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബംഗാളിനെ ഒൻപത് വിക്കറ്റിനാണ് സൗരാഷ്ട്ര തോൽപ്പിച്ചത്. കഴിഞ്ഞ 3 സീസണുകളിൽ സൗരാഷ്‌ട്രയുടെ രണ്ടാം കിരീടമാണിത്.
രണ്ട് ഇന്നിങ്‌സുകളിലായി ഒൻപത് വിക്കറ്റ് നേടിയ സൗരാഷ്‌ട്ര നായകൻ ജയ്‌ദേവ് ഉനദ്‌കട് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നേടിയ ഉനദ്‌കട് രണ്ടാം ഇന്നിങ്‌സിൽ 6 വിക്കറ്റും സ്വന്തമാക്കി.
സ്‌കോർ: ബംഗാൾ - 174, 241 സൗരാഷ്‌ട്ര - 404, 14-1
ടോസ് നേടി ബംഗാളിനെ ബാറ്റിങ്ങിനയച്ച സൗരാഷ്‌ട്ര ആതിഥേയരെ 174 എന്ന തുച്ഛമായ സ്കോറില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ സൗരാഷ്‌ട്ര 230 റൺസിന്‍റെ മികച്ച ലീഡ് സ്വന്തമാക്കി. ഓപ്പണർ ഹാർവിക് ദേശായി (50), മധ്യനിരയിൽ ഷെൽഡൻ ജാക്‌സൺ (59), അർപിത് വാസവദ (81), ചിരാഗ് ജാനി (60) എന്നിവരുടെ അർധ സെഞ്ച്വറികളാണ് സൗരാഷ്ട്രയെ 404 റൺസിലെത്തിച്ചത്.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനറിങ്ങിയ ബംഗാളിനായി അർധ സെഞ്ച്വറി നേടിയ നായകൻ മനോജ് തിവാരി (68), അനുസ്‌തൂപ് മജുംദാർ (61) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 85 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ ജയ്‌ദേവ് ഉനദ്‌കടാണ് ബംഗാളിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. മൂന്ന് വിക്കറ്റുമായി ചേതൻ സകരിയയും തിളങ്ങി. ഉനദ്‌കടിന്‍റെ 22-ാം ഫസ്റ്റ് ക്ലാസ് അഞ്ച് വിക്കറ്റ് നേട്ടമായിരുന്നുവിത്.
241 റൺസിന് എല്ലാവരും പുറത്തായതോടെ സൗരാഷ്‌ട്രക്ക് 12 റൺസെന്ന കുഞ്ഞൻ വിജയലക്ഷ്യമായിരുന്നു ബംഗാൾ നല്‍കിയത്. കിരീടത്തിലേക്ക് ബാറ്റുവീശിയ സന്ദർശകർക്ക് രണ്ടാം ഓവറിൽ ഓപ്പണർ ജയ് ഗോഹിലിന്‍റെ വിക്കറ്റ് നഷ്‌ടമായി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹാർവിക് ദേശായ് - വിശ്വരാജ് ജഡേജ സംഖ്യം കൂടുതൽ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തിച്ചു.