ബെംഗളൂരു : രഞ്ജി ട്രോഫി ഫൈനലിൽ പരാജയപ്പെട്ടുവെങ്കിലും ടൂർണമെന്‍റിലെ താരമായി മുംബൈയുടെ ബാറ്റർ സർഫറാസ് ഖാൻ. സീസണിലെ ആറ് കളികളിൽ നിന്ന് 122.75 ശരാശരിയിൽ 982 റണ്‍സാണ് സർഫറാസ് ഖാൻ അടിച്ചുകൂട്ടിയത്. ഇതിൽ ഒരു ഡബിൾ സെഞ്ച്വറിയും നാല് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 275 റണ്‍സാണ് സീസണിൽ താരത്തിന്‍റെ ഉയർന്ന സ്‌കോർ.
2019-20 രഞ്ജി സീസണില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികളോടെ 154.66 ശരാശരിയില്‍ താരം 928 റണ്‍സ് നേടിയിരുന്നു. അജയ് ശര്‍മയും വസീം ജാഫറും മാത്രമാണ് മുമ്പ് രണ്ട് രഞ്ജി സീസണില്‍ 900 റണ്‍സ് പിന്നിട്ട താരങ്ങള്‍. മധ്യപ്രദേശിന്‍റെ രജത് പതിദാറാണ് ടോപ് സ്‌കോറർമാരിൽ രണ്ടാം സ്ഥാനത്ത്. ആറ് കളികളിൽ നിന്ന് 82.25 ശരാശരിയിൽ 658 റൺസാണ് പതിദാർ നേടിയത്.
ഇതിൽ രണ്ട് സെഞ്ച്വറികളും അഞ്ച് അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 142 ആണ് പതിദാറിന്‍റെ മികച്ച വ്യക്‌തിഗത സ്‌കോർ. നാഗാലാൻഡിന്‍റെ ചേതൻ ദിനേഷ് ബിഷ്‌ത്(623), മധ്യപ്രദേശിന്‍റെ യാഷ് ദുബെ (614), ശുഭം ശർമ (608) എന്നിവരാണ് ടോപ് സ്‌കോറർമാരുടെ പട്ടികയിലുള്ള മറ്റ് താരങ്ങൾ.