കേരളം

kerala

By

Published : Jan 16, 2023, 3:24 PM IST

ETV Bharat / sports

പരിശ്രമങ്ങള്‍ തുടരും, ബാക്കിയുള്ളത് വിധി തീരുമാനിക്കട്ടെ : സര്‍ഫറാസ് ഖാന്‍

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതിനെക്കുറിച്ച് പ്രതികരിച്ച് മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍

Sarfaraz Khan  Sarfaraz Khan on India Snub  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy  india vs australia  സര്‍ഫറാസ് ഖാന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  Indian cricket team  ഇന്ത്യ vs ഓസ്‌ട്രേലിയ
'പരിശ്രമങ്ങള്‍ തുടരും, ബാക്കിയുള്ളത് വിധിയെ തീരുമാനിക്കട്ടെ': സര്‍ഫറാസ് ഖാന്‍

മുംബൈ : ആഭ്യന്തര ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് സര്‍ഫറാസ് ഖാന്‍. രഞ്‌ജി ട്രോഫിയില്‍ തുടര്‍ച്ചയായി റണ്ണടിച്ച് കൂട്ടുന്ന മുംബൈ ബാറ്ററെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ക്രിക്കറ്റ് അരാധകരും മുന്‍ താരങ്ങളും ഉള്‍പ്പടെ നിരവധിയാളുകള്‍ സര്‍ഫറാസിനായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതെ സ്‌ക്വാഡില്‍ തന്‍റെ പേരില്ലാതിരുന്നതില്‍ അസ്വസ്ഥനായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് 25കാരനായ സര്‍ഫറാസ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ഫറാസിന്‍റെ പ്രതികരണം.ഇന്ത്യന്‍ ടീമിലെത്താനായുള്ള പരിശ്രമം തുടരുമെന്നും താരം വ്യക്തമാക്കി.

"എവിടെപ്പോയാലും, ഞാന്‍ ഉടനെ ഇന്ത്യയ്‌ക്കായി കളിക്കുമെന്ന സംസാരം കേള്‍ക്കുമായിരുന്നു. എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ആയിരക്കണക്കിന് സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയില്‍ ലഭിച്ചത്. എന്‍റെ സമയം വരുമെന്നാണ് എല്ലാവരും പറയുന്നത്.

ടീം പ്രഖ്യാപിക്കപ്പെട്ട ആ രാത്രി ശരിക്കും ഉറങ്ങാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണ് ടീമിലില്ലാതിരുന്നതെന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ പിതാവുമായി സംസാരിച്ചതിന് ശേഷം ഞാന്‍ ഓക്കെയാണ്. പരിശീലനം മുടക്കുകയോ, ഡിപ്രഷനിലേക്ക് പോവുകയോ ഇല്ല. എന്‍റെ പരിശ്രമങ്ങള്‍ ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും" - സര്‍ഫറാസ് ഖാന്‍ പറഞ്ഞു.

ടീമിലില്ലെന്ന വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന് തകര്‍ന്ന് പോയതായും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു. 'ഏറെ റണ്‍സ് നേടുമ്പോഴും സെലക്‌ഷന്‍ ലഭിക്കാതിരുന്നത് ആരെയായാലും തളര്‍ത്തും. അത് സ്വാഭാവികമാണ്.

ഞാനും ഒരു മനുഷ്യനാണ്. മെഷീനല്ല, എനിക്കും വികാരങ്ങളുണ്ട്. ഞാന്‍ ടീമിലുണ്ടാകണമായിരുന്നുവെന്ന തരത്തില്‍ ഏറെ സന്ദേശങ്ങൾ ലഭിക്കുകയും ആളുകള്‍ സംസാരിക്കുന്നത് കേൾക്കുകയും ചെയ്തു. എന്നാല്‍ റണ്‍സ് നേടുന്നത് തുടരുകയെന്നതാണ് എന്‍റെ ജോലിയെന്നാണ് പിതാവ് പറഞ്ഞത്.

ഞാൻ ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ട്, ബാക്കിയുള്ളത് വിധി തീരുമാനിക്കട്ടെ' - സര്‍ഫറാസ് വ്യക്തമാക്കി.

2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 80.47 ശരാശരിയിൽ 3380 റൺസ് അടിച്ചുകൂട്ടാന്‍ 25കാരന് കഴിഞ്ഞിട്ടുണ്ട്. 12 സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും സഹിതമാണ് താരത്തിന്‍റെ പ്രകടനം. രഞ്‌ജിയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും റണ്‍സടിച്ച് കൂട്ടിയ സര്‍ഫറാസ് നിലവില്‍ പുരോഗമിക്കുന്ന സീസണിലും ഈ പ്രകടനം ആവര്‍ത്തിക്കുകയാണ്.

രഞ്ജി ട്രോഫിയുടെ 2019-20 സീസണില്‍ 928 റൺസും 2021-22 സീസണില്‍ 982 റൺസുമാണ് താരം അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ഇതിനോടകം രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും സര്‍ഫറാസ് നേടിക്കഴിഞ്ഞു. അതേസമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുക.

ALSO READ:സൂര്യയല്ല, ഇന്ത്യന്‍ ടീമിലുണ്ടാവേണ്ടത് സര്‍ഫറാസ് ; കാരണം നിരത്തി ആകാശ് ചോപ്ര

നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. അടുത്തിടെയാണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യ വിളിയെത്തിയിരുന്നു.

ABOUT THE AUTHOR

...view details