ബാര്‍ബഡോസ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണെ ഉള്‍പ്പെടുത്തിയ സെലക്‌ടര്‍മാരുടെ നടപടിക്ക് ക്രിക്കറ്റ് ലോകം കയ്യടിച്ചിരുന്നു. ഫോര്‍മാറ്റില്‍ ലഭിച്ച അവസരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ താരമാണ് സഞ്‌ജു സാംസണ്‍. എന്നാല്‍ മികവിനൊത്ത അവസരങ്ങള്‍ സഞ്‌ജുവിന് ലഭിക്കുന്നില്ലെന്ന കടുത്ത ആക്ഷേപം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്.
വിന്‍ഡീസിനെതിരായ പ്ലേയിങ് ഇലവനില്‍ സഞ്‌ജുവിന് സ്ഥാനം ഉണ്ടാവുമെന്നാണ് ഏവരും കരുതിയിരുന്നത്. വിന്‍ഡീസിനെതിരെ തിളങ്ങാന്‍ കഴിഞ്ഞാല്‍ സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്കും സഞ്‌ജുവിന് വിളി എത്തിയേക്കുമെന്നുമായിരുന്നു ആരാധകരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിലും പതിവ് പല്ലവി ആവര്‍ത്തിച്ചു.
ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്‌ജുവിനെ ബെഞ്ചിലിരുത്തി സൂര്യകുമാര്‍ യാദവിനാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീം മാനേജ്‌മെന്‍റും സ്ഥാനം നല്‍കിയത്. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഈ ഫോം ഏകദിനത്തിലേക്ക് ഇതേവരെ പകര്‍ത്താന്‍ കഴിയാത്ത താരമാണ് സൂര്യകുമാര്‍ യാദവ്. നേരത്തെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സര പരമ്പരയില്‍ അക്കൗണ്ട് പോലും തുറക്കാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
also read: 'ഇടംകയ്യനായി ഇഷാൻ, വലംകയ്യനായി സൂര്യ': സഞ്ജു ഏത് കൈകൊണ്ട് ബാറ്റ് ചെയ്‌താല്‍ ടീമിലെടുക്കുമെന്ന് ആരാധകർ
ഇതോടെ സഞ്‌ജുവിനെ ഇന്ത്യയുടെ മധ്യനിരയിലേക്ക് എത്തിക്കണമെന്ന് വിദഗ്‌ധരുള്‍പ്പെടെ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. വിന്‍ഡീസിനെതിരെ കളിക്കാനിറങ്ങിയപ്പോഴും സൂര്യ നിരാശപ്പെടുത്തി. 25 പന്തുകളില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്താണ് താരം മടങ്ങിയത്.
ഇതിന് മുന്നെ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ 0, 0, 0, 14, 31 എന്നിങ്ങനെയാണ് സൂര്യകുമാര്‍ യാദവിന് നേടാന്‍ കഴിഞ്ഞത്. അവസാനം കളിച്ച ആറ് ഇന്നിങ്‌സുകളില്‍ 36, 2*, 30*, 86*, 15, 43* എന്നിങ്ങനെയാണ് സഞ്‌ജു സാംസണ്‍ നേടിയത്. ബാറ്റിങ് ശരാശരി നോക്കുകയാണെങ്കില്‍ സൂര്യയേക്കാള്‍ ഏറെ ഉയര്‍ന്ന ശരാശരിയാണ് സഞ്‌ജുവിനുള്ളതെന്ന് തന്നെയാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
also read: പ്ലേയിങ് ഇലവനിലില്ല, പക്ഷേ ഫീൽഡിങ്ങിനും ബാറ്റിങ്ങിനും സഞ്ജു; കുമ്പിടിയെന്ന് വിളിക്കാൻ വരട്ടെ...
11 ഇന്നിങ്‌സുകളില്‍ നിന്നും 66 ആണ് സഞ്‌ജുവിന്‍റെ ബാറ്റിങ് ശരാശരി മറുവശത്ത് 24 മത്സരങ്ങള്‍ കളിച്ച സൂര്യയ്‌ക്ക് 23.78 മാത്രമാണ് ബാറ്റിങ് ശരാശരി. ഇവിടെയാണ് സഞ്‌ജുവിനെ ഇഷ്‌ടക്കാര്‍ക്കായി തഴയുകയാണെന്ന ആരാധകരില്‍ ചിലരുടെ വാദം പ്രസക്തമാവുന്നത്. ഏകദിന ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്‌ജുവിനെ പരിഗണിക്കില്ലെന്ന് നേരത്തെ തന്നെ പലകോണുകളില്‍ നിന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
ഇടങ്കയ്യനെന്നതിനാലും മൂന്നാം ഓപ്പണറായി പരിഗണിക്കാന്‍ കഴിയുന്നതിനാലും ഇഷാന്‍ കിഷനെയാവും സ്‌ക്വാഡിലേക്ക് പരിഗണിക്കുകയെന്നാണ് വിവരം. സഞ്‌ജുവിനെ മധ്യനിരയിലേക്ക് സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പരിഗണിക്കാമെങ്കിലും ഈ സ്ഥാനത്തിലേക്കാണ് സൂര്യയെ തിരുകി കയറ്റാനാണ് മാനേജ്‌മെന്‍റ് ശ്രമം നടത്തുന്നത്. ഇഷ്‌ടക്കാരെ ടീമിലെടുക്കുന്ന നയം മാനേജ്‌മെന്‍റ് ഇനിയും തുടരുകയാണെങ്കില്‍ എത്രകാലം സഞ്‌ജുവിന് പുറത്തിരിക്കേണ്ടി വരുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ALSO READ:Kuldeep Yadav |'കുല്‍ചയോ കുല്‍ജയോ', ലോകകപ്പ് നേടാൻ ഇന്ത്യയുടെ 'കറക്കുകമ്പനിക്കാർ' ആരൊക്കെ