ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സഞ്‌ജു സാംസണ്‍ മിന്നിയത് മലയാളികളടക്കമുള്ള ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയിരുന്നു. സഞ്‌ജു കളിക്കാനിറങ്ങുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞപ്പോള്‍ ആര്‍പ്പുവിളിച്ചാണ് ആരാധകര്‍ ആഘോഷിച്ചത്. മത്സരത്തില്‍ 42 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സും സഹിതം 77 റണ്‍സാണ് സഞ്‌ജു അടിച്ച് കൂട്ടിയത്.
അന്താരാഷ്‌ട്ര ടി20യില്‍ സഞ്‌ജുവിന്‍റെ കന്നി അര്‍ധ സെഞ്ചുറി കൂടിയാണിത്. ബാറ്റിങ് പ്രകടനത്തിന് പിന്നാലെ മലയാളത്തില്‍ സംസാരിച്ച സഞ്‌ജു ആരാധകരെ വീണ്ടും ഞെട്ടിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മത്സരത്തിന് ശേഷം ചാനലിലെ ലൈവ് ഷോയിലാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയോട് സഞ്ജു മലയാളത്തില്‍ സംസാരിച്ചത്. ആലപ്പുഴയില്‍ അമ്മ വീടുള്ള അജയ് ജഡേജ കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ്. ജഡേജയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സഞ്‌ജു മലയാളം പറഞ്ഞത്.
'സഞ്ജു കേരളത്തില്‍ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നത്' എന്ന് പറഞ്ഞാണ് അജയ് സംഭാഷണത്തിന് തുടക്കമിട്ടത്. അന്താരാഷ്‌ട്ര ടി20യില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയതിന് സഞ്‌ജുവിനെ അഭിനന്ദിച്ചതിന് പിന്നാലെ, സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നും അദ്ദേഹം സഞ്‌ജുവിനോട് ചോദിച്ചു.
പിന്നാലെയാണ് സഞ്‌ജു മലയാളം പറഞ്ഞ് മലയാളി ആരാധകരെ ഞെട്ടിച്ചത്. 'അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?...ഭക്ഷണം കഴിച്ചോ? എന്തെല്ലാം?' എന്ന് പറഞ്ഞ് തുടങ്ങിയ സഞ്‌ജുവിന് 'ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?' എന്ന് അജയ് മലയാളത്തില്‍ തന്നെ മറുപടി നല്‍കി.
also read: 'സഞ്‌ജുച്ചേട്ടാ വീ ലൗവ് യൂ' ; ഡബ്ലിനില്‍ താരത്തെ പൊതിഞ്ഞ് ആരാധകര്‍ - വീഡിയോ
തുടര്‍ന്ന് പിന്നീടൊരിക്കല്‍ താങ്കളോട് കൂടുതല്‍ സമയം മലയാളത്തില്‍ സംസാരിക്കാമെന്ന് പറഞ്ഞ സഞ്‌ജു തന്‍റെ പ്രതികരണത്തിലേക്ക് കടക്കുകയും ചെയ്‌തു. താന്‍ സഞ്ജുവിന്‍റെ വലിയ ആരാധകനാണെന്നും അജയ് ജഡേജ വീഡിയോയില്‍ പറയുന്നുണ്ട്.