ഫ്ലോറിഡ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്‍റെ മിന്നും പ്രകടനം കൊണ്ടാണ് മലയാളി താരം സഞ്‌ജു സാംസണ്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്. സ്ഥിരതയില്ലാത്ത ബാറ്ററെന്ന് പഴിച്ചവര്‍ക്ക് മുന്നില്‍ സെന്‍സിബിള്‍ ഇന്നിങ്‌സുമായാണ് സഞ്‌ജു മികവ് കാട്ടുന്നത്. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിങ് ശരാശരിയുള്ള താരമെന്ന നേട്ടം നിലവില്‍ സഞ്‌ജുവിന്‍റെ പേരിലാണ്.
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണ് സഞ്‌ജുവിന്‍റെ നേട്ടമെന്നത് ശ്രദ്ധേയം. ഈ വര്‍ഷം ഇതേവരെ അഞ്ച് ടി20 മത്സരങ്ങളിലാണ് സഞ്‌ജു ഇന്ത്യന്‍ കുപ്പായത്തിലിറങ്ങിയത്. നാല് ഇന്നിങ്‌സുകളിലായി 54.66 ശരാശരിയിലും 160.78 സ്‌ട്രൈക്ക് റേറ്റിലും 164 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഒരു തവണ പുറത്താവാതെ നിന്ന താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 77 റണ്‍സാണ്. 16 ഫോറും എട്ട് സിക്‌സുകളും ഉള്‍പ്പെടെയാണ് സഞ്‌ജുവിന്‍റെ പ്രകടനം. ദീപക് ഹൂഡ (59.00), രവീന്ദ്ര ജഡേജ (55.33) എന്നിവര്‍ മാത്രമാണ് ഈ വര്‍ഷത്തെ പ്രകടനത്തില്‍ സഞ്‌ജുവിന് മുന്നിലുള്ളത്.
രോഹിത് ശര്‍മ (24.16), വിരാട് കോലി(20.25), റിഷഭ് പന്ത്(26.00) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ താരങ്ങളുടെ പ്രകടനം. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്‌ജുവിനൊപ്പം മത്സരിക്കുന്ന ഇഷാന്‍ കിഷന്‍റെ ബാറ്റിങ് ശരാശരിയാവട്ടെ 32.23 ആണ്.
അതേസമയം വിന്‍ഡീസിനെതിരായ നാലാം ടി20യില്‍ 23 പന്തില്‍ 30 റണ്‍സടിച്ച സഞ്‌ജു പുറത്താവാതെ നിന്നു. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. മത്സരത്തില്‍ ഇന്ത്യ 59 റണ്‍സിന്‍റെ ജയം പിടിച്ചിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍ രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് സ്വന്തമാക്കി.
24 റണ്‍സ് വീതം എടുത്ത ക്യാപ്‌റ്റന്‍ നിക്കോളാസ് പുരാനും റോവ്‌മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍മാര്‍. വിന്‍ഡീസ് മുന്‍ നിരയെ തകര്‍ക്കുകയും നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങുകയും ചെയ്‌ത ആവേശ് ഖാനാണ് കളിയിലെ താരം. 31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കേറര്‍. 16 പന്തില്‍ 33 റണ്‍സടിച്ച ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും തിളങ്ങി.