ട്രിനിഡാഡ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ഏകദിന പരമ്പര വിജയത്തിന് ശേഷം നായകന്‍ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) വച്ച് നീട്ടിയ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ച് സഞ്ജു സാംസണ്‍ (Sanju Samson). മത്സര ശേഷം ടീം അംഗങ്ങള്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോഴായിരുന്നു സംഭവം. ട്രോഫി വാങ്ങാന്‍ കൂട്ടാക്കാതിരുന്ന സഞ്ജു കിരീടം പുതുമുഖ താരം മുകേഷ് കുമാറിന് (Mukesh Kumar) നല്‍കാന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 200 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം ആതിഥേയര്‍ക്കെതിരെ സ്വന്തമാക്കിയത്. വിരാട് കോലി (Virat Kohli), രോഹിത് ശര്‍മ (Rohit Sharma) എന്നിവരില്ലാതെ ഇറങ്ങിയ ടീം ഇന്ത്യ ജയത്തോടെ പരമ്പരയും സ്വന്തമാക്കിയിരുന്നു. സീനിയര്‍ താരങ്ങളില്ലാതെ പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയപ്പോള്‍ തോല്‍വി ആയിരുന്നു ഫലം.
വിന്‍ഡീസ് പരമ്പരയില്‍ രണ്ടാം മത്സരത്തിലാണ് സഞ്‌ജു സാംസണ് ആദ്യമായി അവസരം ലഭിച്ചത്. എന്നാല്‍, ഈ മത്സരത്തില്‍ താരത്തിന് ലഭിച്ച അവസരം മുലതെടുക്കാന്‍ കഴിഞ്ഞില്ല. മൂന്നാമനായി ക്രീസിലെത്തിയ താരം 19 പന്ത് നേരിട്ട് 9 റണ്‍സായിരുന്നു നേടിയത്.
പിന്നാലെ, സഞ്‌ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചതിനെ വിമര്‍ശിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്‌ജുവിന് ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, രോഹിതും കോലിയും വിട്ടുനിന്നതോടെ സഞ്‌ജുവിന് മത്സരത്തില്‍ വീണ്ടും അവസരം ലഭിച്ചു.