തിരുവനന്തപുരം :സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരള ടീമിനെ ഇത്തവണയും സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. മൊഹാലിയിൽ ഒക്‌ടോബർ 11 മുതലാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ സഞ്ജുവിന് കീഴിൽ മികച്ച പ്രകടനം കാഴ്‌ചവച്ച കേരള ടീം ക്വാർട്ടർ ഫൈനൽ വരെയെത്തിയിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര കളിക്കുന്നതിനാൽ അരുണാചൽ പ്രദേശിനെതിരെ ഒക്‌ടോബർ 11ന് നടക്കുന്ന ആദ്യ മത്സരം സഞ്ജു സാംസണിന് നഷ്‌ടമാകും. 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിന്‍റെ അഭാവത്തിൽ സച്ചിൻ ബേബിയാകും ആദ്യ മത്സരത്തിൽ കേരള ടീമിനെ നയിക്കുക.
രോഹൻ എസ് കുന്നുമ്മൽ, വിഷ്‌ണു വിനോദ്, ഷോൺ റോജർ, അബ്‌ദുൽ ബാസിത്, കൃഷ്‌ണപ്രസാദ്, മുഹമ്മദ് അസ്‌ഹറുദീൻ എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, മനു കൃഷ്‌ണൻ, ബേസിൽ തമ്പി, ബേസിൽ എൻപി, എഫ് ഫനൂസ്, ആസിഫ് കെഎം, സച്ചിൻ എസ് എന്നിവരാണ് ടീം അംഗങ്ങൾ.
2016 മുതൽ കേരള ടീമിന്‍റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച അതിഥി താരം ജലജ് സക്സേനയെ ഇത്തവണ ടീമിൽ നിന്നും ഒഴിവാക്കി. മുൻ ഇന്ത്യൻ ടീം താരം ടിനു യോഹന്നാൻ ആണ് മുഖ്യ പരിശീലകൻ. 12-ാം തീയതി നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം കർണാടകയേയും 16ന് നടക്കുന്ന മൂന്നാം മത്സരത്തിൽ സർവീസസിനേയും നേരിടും.
18ന് മഹാരാഷ്‌ട്രക്കെതിരെയും 22ന് മേഘാലയക്കെതിരെയുമാണ് കേരളത്തിന്‍റെ മറ്റ് മത്സരങ്ങൾ. 30ന് പ്രാഥമിക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും നവംബർ ഒന്നിന് ആദ്യ ക്വാര്‍ട്ടര്‍ മത്സരങ്ങളും ആരംഭിക്കും. നവംബർ മൂന്നിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ നവംബര്‍ അഞ്ചിന് നടക്കും.